ന്യൂഡൽഹി: പ്രധാനമന്ത്രി പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്തതിനെ സ്വാഗതം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി പാർലമെന്റിന്റെ വിശ്വാസ്യതയുടെ പ്രതീകമാണെന്ന് മുർമു പറഞ്ഞു. രാഷ്ട്രപതി ചടങ്ങ് ഉദ്ഘാടനം ചെയ്യാത്തതിന്റെ പേരിൽ ചടങ്ങ് ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ പാർട്ടികൾക്കുള്ള മറുപടി കൂടിയായി പ്രസിഡന്റിന്റെ ഈ പമാർശം.
ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചിരുന്നു. ജനാധിപത്യ മൂല്യങ്ങളെ ഇന്ത്യ സംരക്ഷിക്കുന്നതിന്റെ ഉദാഹരണമാണ് പുതിയ പാർലമെന്റ് സമുച്ചയമെന്നും രാഷ്ട്രപതി പറഞ്ഞു.
നമ്മുടെ ഭരണഘടനാ ശിൽപ്പികൾ, ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള നിയമനിർമാണം നടത്തുന്ന ഒരു രാജ്യത്തെയാണ് മുന്നിൽ കണ്ടിരുന്നത്. അതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ട്. പ്രധാനമന്ത്രി പാർലമെന്റിന്റെ വിശ്വാസ്യതയുടെ സൂചകമാണ്. അങ്ങനെയുള്ള ഒരാൾ പാർലമെന്റ് ഉദ്ഘാടനം ചെയ്തതിൽ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.
രാജ്യത്തെ ഒരുപാട് മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതും, ഒരുപാട് ഇന്ത്യക്കാരുടെ ജീവിതം മാറ്റി മറിച്ചതുമായ ഒന്നാണ് പാർലമെന്റ്. അതിന് രാജ്യത്തിന്റെ മനസ്സിൽ പ്രത്യേക സ്ഥാനമാണ് ഉള്ളതെന്നും രാഷ്ട്രപതി പറഞ്ഞു. ജനാധിപത്യ നടപടികളെ ബഹുമാനിക്കുക എന്നുള്ളത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിൽ ആരോഗ്യപരമായ ചർച്ചകളും, അർഥവത്തായ സംസാരങ്ങളും നമ്മുടെ നാട്ടിൽ നൂറ്റാണ്ടുകളായി വളർന്ന് കൊണ്ടിരിക്കുന്ന കാര്യമാണ്. കഴിഞ്ഞ ഏഴ് ദശാബ്ദത്തിനിടെ ഒരുപാട് വിപ്ലവകരമായ ബില്ലുകൾ നിയമങ്ങളായി മാറി.അത് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ജീവിതമാണ് മാറ്റിമറിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു.
Discussion about this post