തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ പോലീസുകാരെ പ്രതി ആക്രമിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വയനാട് സ്വദേശി ഫൈജാസിനെതിരെ പോലീസ് കേസ് എടുത്തു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉച്ച ഭക്ഷണത്തിനായി മട്ടൻ കറിയായിരുന്നു. ചോറിനൊപ്പം വിളമ്പിയ മട്ടൻ കറി കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു ഫൈജാസ് പോലീസുകാരെ ആക്രമിച്ചത്. കറി വിളമ്പിയതിന് പിന്നാലെ ഇനിയും വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ തർക്കിച്ചു. ഇതോടെ പ്രശ്‌നം പരിഹരിക്കാൻ സൂപ്രണ്ട് ഉൾപ്പെടെ സ്ഥലത്ത് എത്തി. ഇവരെ കണ്ടതോടെ ഭക്ഷണം പാത്രത്തോടെ ഫൈജാസ് വലിച്ചെറിയുകയായിരുന്നു.
ഇത് കണ്ട് പോലീസുകാർ ഫൈജാസിനെ തടഞ്ഞു. ഇതോടെ ഇയാൾ ഉദ്യോഗസ്ഥരെ അസഭ്യം പറയാൻ ആരംഭിച്ചു. ഇത് ചോദ്യം ചെയ്തതോടെ ഫൈജാസ് പോലീസുകാരെ മർദ്ദിക്കുകയായിരുന്നു. പോലീസും സഹതടവുകാരും ചേർന്നാണ് ഫൈജാസിനെ പിടിച്ചു കെട്ടിയത്.
സംഭവത്തിൽ ജയിൽ അധികൃതർ പരാതി നൽകിയിട്ടുണ്ട്. ഇതിൽ ജോലി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.












