ബീജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിൽ മുസ്ലീം മതവിശ്വാസികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. പ്രദേശത്തെ മസ്ജിദ് പൊളിക്കുന്നത് തടയാൻ വിശ്വാസികളെത്തിയതാണ് സംഘർഷത്തിന് കാരണം. ജനക്കൂട്ടം അക്രമാസക്തരായതോടെ പോലീസ് ഇവരെ അടിച്ചോടിച്ചു.
ടോങ്ഹായിലെ ഹുയി മുസ്ലീങ്ങളുടെ ആരാധനാലയമാണ് പൊളിച്ച് നീക്കുന്നത്. കോടതി വിധി പ്രകാരം മസ്ജിദിൻ്റെ ചില നവീകരണ നിർമ്മാണങ്ങളും മറ്റും അനധികൃതമാണെന്ന് കണ്ടെത്തുകയും അത് പൊളിച്ച് നീക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. കോടതി വിധി പ്രകാരം പൊളിച്ച് നീക്കൽ ആരംഭിച്ചപ്പോഴാണ് പ്രശ്‌നവുമായി ആളുകൾ രംഗത്തെത്തിയത്.
പ്രദേശത്ത് സംഘർഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് മൊബൈൽ ഫോൺ സേവനം വിച്ഛേദിച്ചു. പ്രതിഷേധക്കാർക്ക് കടുത്ത ശിക്ഷ ഒഴിവാക്കണമെങ്കിൽ സ്വയം കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
13ാം നൂറ്റാണ്ടിലേതാണ് നജിയായിംഗ് മസ്ജിദ്, മിംഗ് രാജവംശത്തിന്റെ കാലത്താണ് ഇത് നിർമ്മിച്ചത്. പല അവസരങ്ങളിലും മസ്ജിദ് വിപുലീകരിക്കുകയും 2019-ൽ സാംസ്‌കാരിക കാരണങ്ങളാൽ പള്ളിയുടെ ഒരു ഭാഗം ‘സംരക്ഷിത’മായി പ്രഖ്യാപിക്കുകയും ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഭരണത്തിൻ കീഴിൽ കൂടുതൽ ശക്തിയോടെ മതവിശ്വാസികളെയും വിശ്വാസികളെയും ചൈന തടഞ്ഞു. മതസമൂഹങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയോട് (സിപിസി) വിശ്വസ്തത പുലർത്തണമെന്ന് ഷി ആവശ്യപ്പെട്ടു. മതനേതാക്കളുടെ നിരീക്ഷണവും ഷി ശക്തമാക്കിയിട്ടുണ്ട്.












