ന്യൂഡൽഹി: യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ തല്ലിയ എയർ ഇന്ത്യ യാത്രക്കാരനെ പോലീസിൽ ഏൽപിച്ചു. കഴിഞ്ഞ ദിവസം ഗോവയിൽ നിന്നും ഡൽഹിയിലേക്ക് വന്ന എഐ 882 ാം വിമാനത്തിലായിരുന്നു സംഭവം.
ആദ്യം ക്യാബിൻ ക്രൂ ജീവനക്കാരെ വാക്കുകൾ കൊണ്ട് അധിക്ഷേപിച്ച യാത്രക്കാരൻ പിന്നീട് ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ശേഷവും യാത്രക്കാരൻ പ്രകോപനം തുടർന്നു. ഇതേ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. സംഭവം ഡിജിസിഎയിലും അറിയിച്ചതായി എയർ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ ജീവനക്കാരുടെ സുരക്ഷ കമ്പനിക്ക് പ്രധാനമാണ്. യാത്രക്കാരുടെ ഭാഗത്ത് നിന്നുളള ഇത്തരം പ്രകോപന പരമായ പ്രവൃത്തികളെ അപലപിക്കുന്നതായും അക്രമത്തിന് ഇരയായ ക്യാബിൻ ക്രൂ ജീവനക്കാർക്ക് എല്ലാ സഹായവും നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ഏപ്രിലിൽ ഡൽഹി – ലണ്ടൻ വിമാനത്തിൽ രണ്ട് വനിതാ ക്യാബിൻ ക്രൂ ജീവനക്കാരിയെ ആക്രമിച്ച യാത്രക്കാരന് കമ്പനി രണ്ട് വർഷത്തെ വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Discussion about this post