ന്യൂഡൽഹി:1980 ൽ ദളിതർ അനുഭവിച്ച അതേ ദുരിതത്തിലൂടെയാണ് ഇന്ന് മുസ്ലീങ്ങൾ കടന്നുപോകുന്നത് എന്ന് രാഹുൽ ഗാന്ധി. അമേരിക്കയിലെ പൊതുപരിപാടിയിൽവച്ചായിരുന്നു രാഹുലിന്റെ പരാമർശം. 1980 ൽ ഭരണം കോൺഗ്രസിനായിരുന്നുവെന്ന കാര്യം വിസ്മരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. ഇത് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പരിപാടിയ്ക്കിടെ നടന്ന ചർച്ചയിൽ മുഹമ്മദ് ഖാൻ എന്ന വ്യക്തി ഇന്ത്യയിലെ മുസ്ലീങ്ങളുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഇതിനോടുള്ള മറുപടിയായിട്ടായിരുന്നു രാഹുൽ രാജ്യത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. രാജ്യത്തെ മുസ്ലീങ്ങൾ പണ്ടില്ലാത്തവിധം ഇന്ന് സുരക്ഷാ ഭീഷണി നേരിടുകയാണെന്നായിരുന്നു രാഹുൽ പറഞ്ഞത്. രാജ്യത്ത് നടപ്പിലാക്കിവരുന്ന ചില കിരാത നിയമങ്ങളാണ് മുസ്ലീങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത്. കുറ്റവാളികൾ എന്ന പേരിൽ കുട്ടികളെ ജയിലിൽ അടയ്ക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.
മുസ്ലീങ്ങളിലൂടെ മാത്രമേ വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കാൻ നമുക്ക് കഴിയുകയുള്ളൂ. എന്നാൽ രാജ്യത്ത് ഇവർ സുരക്ഷിതരല്ല. മുസ്ലീം, ക്രിസ്ത്യൻ, സിഖ് വിഭാഗങ്ങൾക്കും ഇത് അനുഭവമാണ് ഉണ്ടായിരിക്കുക എന്ന് അറിയാം. രാജ്യത്ത് നിരവധി ദരിദ്രരാണ് ഉള്ളത്. ഭക്ഷണത്തിന് പോലും വകയില്ലാത്ത അവർ കോടികൾ ചിലവഴിക്കുന്ന പണക്കാരെ നോക്കി അമ്പരക്കുന്നു.
പീഡനം എന്നത് മറ്റ് വിഭാഗങ്ങളെക്കാളും ഏറ്റവും നന്നായി അറിയാവുന്ന വിഭാഗം മുസ്ലീങ്ങളാണ്. കാരണം നിങ്ങൾക്ക് നേരെ നിരവധി ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. വെറുപ്പിനെ വെറുപ്പ് കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല. പരസ്പരം പോരടിക്കുന്നതിൽ രാജ്യം വിശ്വസിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Discussion about this post