തൊടുപുഴ: 140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വളരെക്കുറച്ചു കാണിച്ച കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ മീറ്റർ റീഡിംഗ് കരാർ ജീവനക്കാരനെതിരെ നടപടി. കുറ്റസമ്മതം നടത്തിയ കരിമണ്ണൂർ സ്വദേശിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇയാളോടൊപ്പം തൊടുപുഴ സെക്ഷൻ-1 ഓഫീസിന് കീഴിലെ സീനിയർ സൂപ്രണ്ടിനെയും സീനിയർ അസിസ്റ്റന്റിനെയും സസ്‌പെൻഡ് ചെയ്തു. എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.
പിരിച്ചുവിട്ട ജീവനക്കാരന്റെ കരിമണ്ണൂരിലെ വീട്ടിലെ മീറ്ററും പരിശോധിക്കും. അന്വേഷണം ബോർഡിന്റെ വിജിലൻസ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.ബിൽ തുക കുറച്ചു നൽകി ഇയാൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നുൾപ്പെടെ വിജിലൻസ് അന്വേഷണത്തിലേ വ്യക്തമാകൂ. കെഎസ്ഇ.ബി ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടോയെന്നും അന്വേഷിക്കും
തൊടുപുഴ സെക്ഷനിലെ മീറ്റർ റീഡർമാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. ഈ മാസം പുതിയ ജീവനക്കാരൻ റീഡിംഗ് എടുത്തപ്പോൾ പ്രകടമായ മാറ്റം കണ്ടെത്തി. ശരാശരി 2,?000 രൂപ വന്നിരുന്ന വീട്ടിൽ 35,000 രൂപ വരെയായി ബിൽ കുത്തനെ ഉയർന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളാണിവർ.
വാഴത്തോപ്പിൽനിന്ന് പ്രത്യേക സ്‌ക്വാഡ് വീടുകളിലെത്തി മീറ്ററും മറ്റും പരിശോധിച്ചതിനുശേഷം മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിയാൻ കഴിയൂ.
Discussion about this post