ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ ( പ്രചണ്ട). ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽവച്ചായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്ന തന്ത്രപ്രധാന വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
രാവിലെയോടെയായിരുന്നു പുഷ്പ കമൽ ദഹൽ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഊർജ്ജം, ഗതാഗതം, വ്യാപാരം, തുടങ്ങിയവയായിരുന്നു കൂടിക്കാഴ്ചയ്ക്കിടെ ഇരു നേതാക്കളും ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ. ഇന്ത്യയും നേപ്പാളും തമ്മിലുള്ള വ്യാപാരത്തിന് വർഷങ്ങളുടെ പഴക്കമാണ് ഉള്ളത്. ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ നടന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിന് പുറമേ സാമ്പത്തികം, ഊർജ്ജം, അടിസ്ഥാന സൗകര്യ വികസന, വിദ്യാഭ്യാസം, ആളുകൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ചർച്ചകൾ നടത്തി തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തുന്നതിന്റെ ചിത്രങ്ങൾ വിദേശകാര്യമന്ത്രാലയം ട്വിറ്ററിലുടെ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ വൈറൽ ആയി പ്രചരിക്കുന്നുണ്ട്. നാല് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രാജ്യത്ത് എത്തിയ പുഷ്പ കമൽ ദഹലിന് ഉജ്ജ്വല സ്വീകരണം ആണ് നൽകിയത്. വ്യാഴാഴ്ച മുതലാണ് അദ്ദേഹം ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് പുഷ്പ കമൽ ദഹൽ രാജ്യത്ത് എത്തിയത്.
Discussion about this post