കൊച്ചി: എൻസിഇആർടി സിലബസിൽ നിന്ന് പീരിയോഡിക് ടേബിൾ ഒഴിവാക്കിയെന്ന നുണപ്രചാരണത്തിൽ സത്യം വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ഇടത് സൈബർ പ്രൊപ്പഗൻഡകൾ ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചാരണത്തിലെ കളളത്തരമാണ് പോസ്റ്റിൽ തുറന്നുകാട്ടുന്നത്.
എൻസിഇആർടിയെക്കുറിച്ച് പറയുന്ന പല വാർത്തകളും പ്രൊപ്പഗൻഡകളും വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ചില വാർത്തകൾ അർദ്ധസത്യങ്ങളാണ്, അത് വിവാദം ഉണ്ടാക്കുന്നതിനെ ലക്ഷ്യം വച്ചുള്ളതുമാണെന്ന് പോസ്റ്റിൽ പറയുന്നു.
10 ക്ളാസിൽ പീരിയോഡിക് ടേബിളിന്റെ ബേസിക്‌സ് ഉണ്ടെന്ന് ഓൺലൈൻ ലിങ്ക് ഉൾപ്പെടെ നൽകി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. പത്താം ക്ലാസിൽ നിന്ന് പീരിയോഡിക് ടേബിൾ പൂർണമായി ഒഴിവാക്കിയെന്ന് ആയിരുന്നു പ്രചാരണം. ടെക്സ്റ്റ് ബുക്കിന്റെ ഓൺലൈൻ ലിങ്കും നൽകിയിട്ടുണ്ട്.
ദേശീയ വിദ്യാഭ്യാസ നയത്തിലെ 5+3+3+ 4 എന്ന രീതി അനുസരിച്ചുള്ള പുന:സംഘടനയിലെ ആദ്യ ഘട്ടമായ ഫൗണ്ടേഷണൽ ഗ്രൂപ്പിന്റെ പാഠപുസ്തമാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അടുത്ത ഘട്ടമായ 3 +3+ 4 ന്റെ കരിക്കുലം ഫ്രെയിംവർക്ക് വരുന്നതേയുള്ളൂ. നാഷണൽ കരിക്കുലം ഫ്രെയിംവർക്കിന്റെ കരിക്കുലം -സിലബസ് – പാഠപുസ്തക നിർമ്മാണ സമിതിയും വരുന്നതേയുള്ളു. ആ ടീമാണ് പുതിയ പാഠപുസ്തകം തയ്യാറാക്കുകയെന്നും വിശദീകരിച്ചു.
എൻസിഇആർടി സാധാരണ ചെയ്യുന്ന ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ആണ് ഇപ്പോൾ പറയുന്ന കാര്യങ്ങൾ. ആധികാരികമായ പഠനത്തിന് വേണ്ടി പീരിയോഡിക് ടേബിൾ
പത്താം ക്ലാസിൽ നിന്ന് 11 ക്ളാസിലേക്ക് മാറ്റി. ക്ലാസ്സ് 10 ൽ പീരിയോഡിക് ടേബിളിന്റെ ബേസിക്‌സ് ആണ് ഉണ്ടാവുക. 11 ലേക്ക് അത് സ്‌പെഷ്യലൈസേഷനും ആക്കി.
പീരിയോഡിക് ക്ലാസിഫിക്കേഷൻ ഓഫ് എലമെന്റ്‌സ് എന്ന പത്താം ക്ലാസിലെ അഞ്ചാം അദ്ധ്യായം പൂർണമായി ഒഴിവാക്കിയെന്ന് പറഞ്ഞാണ് എൻസിഇആർടി സിലബസ് പരിഷ്‌കരണത്തിനെതിരെ ഒരു വിഭാഗം സൈബർ ഇടത്തിലൂടെ വ്യാപക നുണപ്രചാരണം അഴിച്ചുവിട്ടത്.
എന്നാൽ ഹയർസെക്കൻഡറി തലത്തിൽ ഇതേക്കുറിച്ച് വിശദമായി പഠിക്കാനുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇത് മറച്ചുവെച്ചാണ് ഇടത് പ്രൊപ്പഗണ്ടകൾ നുണപ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്. ഡാർവിന്റെ പരിണാമ സിദ്ധാന്തവും 12 ാം ക്ലാസ് ബയോളജിയിൽ പഠിക്കാനുളളതിനാൽ പത്താം ക്ലാസിൽ നിന്ന് നീക്കിയിരുന്നു.
പാഠ്യപദ്ധതി കാവിവൽക്കരിക്കുന്നുവെന്ന് സ്ഥാപിക്കാനും ആരോപിക്കാനും വളരെ കാലമായി ആസൂത്രിത നീക്കങ്ങൾ നടക്കുന്നുണ്ട്. മുഗൾ അധിനിവേശ ചരിത്രം ഒഴിവാക്കിയതുമായി ബന്ധപ്പെട്ടും ഇത്തരം പ്രചാരണം സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് പീരിയോഡിക് ടേബിൾ വിവാദവും ഉയർത്തിക്കൊണ്ടുവന്നത്.
Discussion about this post