ന്യൂഡൽഹി: മുസ്ലീം ലീഗ് മതേതര പാർട്ടിയാണെന്ന് പ്രസ്താവിച്ച രാഹുൽ ഗാന്ധിയ്ക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി കേന്ദ്രമന്ത്രി കിരൺ റിജ്ജിജു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനത്തിലേക്ക് രാജ്യത്തെ നയിച്ച പാർട്ടിയാണോ മതേതര പാർട്ടിയെന്ന് റിജ്ജിജു ചോദിച്ചു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഹമ്മദലി ജിന്ന രൂപം നൽകിയ മുസ്ലീം ലീഗ് ആണോ മതേതര പാർട്ടി?. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ കഷ്ണമാക്കിയ പാർട്ടിയെ ആണോ നിങ്ങൾ മതേതര പാർട്ടിയെന്ന് വിശേഷിപ്പിക്കുന്നത്?. മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന വ്യക്തിയെ മതേതരനായി ഇപ്പോഴും രാജ്യത്തെ ചിലർ കാണുന്നു എന്നത് ഖേദകരമാണെന്നും റിജ്ജിജു പറഞ്ഞു.
നേരത്തെ രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗുൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കിരൺ റിജ്ജുജുവിന്റെ പ്രതികരണം. രാഹുൽ ഗാന്ധി എന്ത് വിളിച്ചു പറഞ്ഞാലും അത് ആരും കേൾക്കാൻ പോകുന്നില്ലെന്നായിരുന്നു ഗിരിരാജ് സിംഗ് പറഞ്ഞത്. അദ്ദേഹം ഒരു കോമാളിയാണെന്നകാര്യം ലോക ജനതയ്ക്ക് അറിയാം. വിദേശമണ്ണിൽ ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു ഒരിക്കൽ ഇന്ദിരാഗാന്ധി പാർലമെന്റിൽ പറഞ്ഞിരുന്നത്. എന്നാൽ അവരുടെ കൊച്ചുമകൻ വിദേശമണ്ണിൽ സ്വന്തം രാജ്യത്തെ അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അമേരിക്കൻ സന്ദർശന വേളയിൽ മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ലീഗ് മതേതര പാർട്ടിയാണെന്ന മറുപടി രാഹുൽ നൽകിയത്. ബിജെപിയെ എതിർക്കുന്നതിന് വേണ്ടി മതേതരത്വത്തെക്കുറിച്ചായിരുന്നുവല്ലോ ഇത്രയും നേരം സംസാരിച്ചത്. എന്നാൽ കേരളത്തിൽ കോൺഗ്രസിന് മുസ്ലീം പാർട്ടിയുമായി സഖ്യമുണ്ട്. ഇതിൽ എന്താണ് പറയാനുള്ളത് എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം. മുസ്ലീം ലീഗ് തീർത്തും ഒരു മതേതര പാർട്ടിയാണ്. മതത്തിന്റെ ഒരു സ്വാധീനവും പാർട്ടിയിൽ ഇല്ലെന്ന് ആയിരുന്നു രാഹുൽ ഇതിന് മറുപടി പറഞ്ഞത്.
Discussion about this post