കൊച്ചി; റിലീസ് സിനിമകളുടെ ഇൻസ്റ്റന്റ് റിവ്യൂകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയനായ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് തിയറ്ററിൽ മർദ്ദനം. റിലീസ് ദിനമായ വെളളിയാഴ്ച തിയറ്ററിൽ റിവ്യൂ പറയാൻ എത്തിയപ്പോഴായിരുന്നു മർദ്ദനം. വിജേഷ് പി വിജയൻ സംവിധാനം ചെയ്ത വിത്തിൻ സെക്കൻഡ്‌സ് എന്ന സിനിമയെക്കുറിച്ച് പടം പൂർണമായി കാണാതെ മോശം റിവ്യൂ നൽകിയതാണ് സംഭവത്തിന് കാരണം.
പണം വാങ്ങിയാണ് റിവ്യൂ പറയുന്നതെന്ന് പറഞ്ഞ് അണിയറ പ്രവർത്തകർ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ഇടപ്പളളി വനിത, വിനീത തിയറ്ററിലായിരുന്നു സംഭവം. പണം വാങ്ങിയെന്നത് അടിസ്ഥാനരഹിതമാണെന്നും പണം വാങ്ങിയതിന് തെളിവ് ഹാജരാക്കാനും സന്തോഷ് വർക്കിയും വെല്ലുവിളിച്ചു.
എന്നാൽ അര മണിക്കൂർ കഴിഞ്ഞ് താൻ ഇറങ്ങിപ്പോയതായി പിന്നീട് ഇയാൾ സമ്മതിച്ചു. ഓൺലൈൻ മാദ്ധ്യമപ്രവർത്തകൻ നിർബന്ധിച്ച് റിവ്യൂ പറയിപ്പിച്ചതാണെന്ന് ഒടുവിൽ കുറ്റസമ്മതവും നടത്തി. തിയറ്ററിലുണ്ടായിരുന്ന സിനിമയുടെ പ്രൊഡ്യൂസറും സഹപ്രവർത്തകരുമാണ് ഇയാളെ ചോദ്യം ചെയ്തത്. ആദ്യം പടം പൂർണമായി കണ്ടില്ലെന്ന് സമ്മതിക്കാൻ തയ്യാറായില്ല. പിന്നീടാണ് യഥാർത്ഥ കാര്യം പറഞ്ഞത്.
മൂന്നര കോടി രൂപ മുടക്കിയാണ് പടം ചെയ്തതെന്നും ഇയാളുടെ റിവ്യൂ കാരണം റിലീസ് ദിവസം തന്നെ മോശം പ്രതികരണമാകും ഉണ്ടാകുകയെന്നും പ്രൊഡ്യൂസർ പറഞ്ഞു. ഒരുപാട് പേരുടെ ജീവിതമാണെന്നും ഇത്തരം ഒറ്റ റിവ്യൂകളിലൂടെ മാത്രം അത് തകർക്കരുതെന്നും ഉപദേശിച്ചാണ് അണിയറ പ്രവർത്തകർ വിട്ടത്.
എന്നാൽ തന്നെ മർദ്ദിച്ചതായി സന്തോഷ് വർക്കി ആരോപിച്ചു. എല്ലാ ഓൺലൈൻ മാദ്ധ്യമങ്ങളും തന്റെ റിവ്യൂ നിർബന്ധിച്ച് എടുക്കാറുളളതാണ്. എന്തിനാണ് പടം കാണാതെ നെഗറ്റീവ് റിവ്യൂ നൽകിയതെന്ന ചോദ്യത്തിന് അത് പ്രശ്‌നമാകുമെന്ന് താൻ പറഞ്ഞതാണെന്ന മറുപടിയാണ് ആറാട്ടണ്ണൻ നൽകിയത്. അക്കാര്യം മാദ്ധ്യമങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറയാനും മറന്നില്ല.
Discussion about this post