ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടമുണ്ടായ സ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ന് പുലർച്ചെയാണ് അദ്ദേഹം സംഭവസ്ഥലത്ത് എത്തിയത്. അപകടത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് വ്യക്തമാക്കിയ മന്ത്രി, നിലവിൽ രക്ഷാപ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തമാക്കി.
വലിയൊരു ദുരന്തമാണ് ഒഡീഷയിൽ ഉണ്ടായിരിക്കുന്നത്. റെയിൽവേ, എൻഡിആർഎഫ്, എസ്ഡിആർഎഫ്, സംസ്ഥാന സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പരിക്കേറ്റവർക്ക് സാധ്യമായ രീതിയിൽ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കും. അപകടത്തിൽപെട്ടവർക്ക് ഇന്നലെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതലസമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമാണ് ഇപ്പോൾ മുൻഗണന കൊടുക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാലുടൻ അപകടമുണ്ടായ സ്ഥലത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കും. റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ സ്വതന്ത്രവും വിശദവുമായ ഉന്നതതല അന്വേഷണം നടത്തുമെന്നും” അദ്ദേഹം വ്യക്തമാക്കി.
Discussion about this post