ചെന്നൈ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേർ അടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. അപകടത്തിൽ പരിക്കേറ്റവരെ ഇവിടെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള നിരവധി പേരും സംഘത്തിലുണ്ട്. അതേസമയം അപകടത്തിൽ മരിച്ച 288 പേരിൽ 160 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനകൾക്ക് വിധേയമാക്കും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങൾ ദക്ഷിണ-പൂർവ റെയിൽവെ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തകർന്ന ട്രാക്കിന്റെ പുനർനിർമ്മാണം ഉൾപ്പെടെ ഇന്ന് നടക്കും. വൈകിട്ടോടെ ഗതാഗതം പുന:സ്ഥാപിക്കാനാകുമെന്നാണ് വിവരം. അപകട കാരണം കോറമണ്ഡൽ എക്‌സ്പ്രസിന്റെ പിഴവാണെന്ന് റെയിൽവെ സ്ഥിരീകരിച്ചിട്ടുണ്ട്. ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് ട്രാക്ക് തെറ്റിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അപകട സ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടേതാണ് പ്രാഥമിക നിഗമനം. മെയിൻ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡൽ എക്‌സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടിയതാണ് അപകടത്തിന് കാരണമായത്. നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ആദ്യം ഇടിച്ചത് കോറമണ്ഡൽ എക്‌സ്പ്രസാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അപകടം നടക്കുമ്പോൾ 130 കിലോമീറ്റർ വേഗതയിലാണ് കോറമണ്ഡൽ എക്‌സ്പ്രസ് ചരക്കുവണ്ടിയിലേക്ക് ഇടിച്ചുകയറിയത്. ഈ കൂട്ടിയിടിയിൽ കോറമണ്ഡൽ എക്‌സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി. കോറമണ്ഡൽ എക്‌സ്പ്രസിന്റെ 3 ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ട്രെയിനിലേക്ക് വീണതോടെ നേർവഴിയിൽ പോയ ഹൗറ സൂപ്പർഫാസ്റ്റും അപകടത്തിൽപെടുകയായിരുന്നു.
Discussion about this post