തെലങ്കാന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയേയും സന്ദർശിച്ച് തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. ഈ വർഷം അവസാനം നടക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനും അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പിനും മുന്നോടിയായുള്ള സഖ്യത്തെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നതെന്നാണ് വിവരം. ഇന്ന് ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
അരിമണിക്കൂറോളം സമയം ഇരുനേതാക്കളോടുമൊപ്പം ചന്ദ്രബാബു നായിഡു ചെലവഴിച്ചു. ഈ വർഷം നടക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയും ടിഡിപിയും സഖ്യമുണ്ടാക്കിയേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. 2014ൽ ടിഡിപി എൻഡിഎയുടെ ഭാഗമായിരുന്നുവെങ്കിലും 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്ന വിഷയവുമായി ബന്ധപ്പെട്ട് 2018 മാർച്ചിൽ സഖ്യം ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം പോർട്ട് ബ്ലെയറിൽ അടുത്തിടെ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ച് മത്സരിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന മൻ കി ബാത്തിൽ ടിഡിപി സ്ഥാപകനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ ടി രാമറാവുവിനെ പ്രധാനമന്ത്രി പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രി എൻ ടി രാമറാവുവിനെ പ്രകീർത്തിച്ച് സംസാരിച്ചത്.
Discussion about this post