ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൻറെ നടുക്കത്തിൽ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല.ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ജീവൻ തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും.
ബോഗികളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും റെയിൽവേ ട്രാക്കിൽ പരന്നുകിടക്കുകയാണ്. ഇക്കാരണത്താൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. റെയിൽവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1000-ത്തിലധികം പേർ ആണ് ട്രാക്കിൻറെ അറ്റുകുറ്റപണികളിൽ ഏർപ്പെട്ടിരിക്കുന്നത്. രാത്രിയിലും റെയിൽവെ ട്രാക്ക് പു:നസ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ സംഭവസ്ഥലത്ത് തങ്ങി നേരിട്ട് നിർദ്ദേശങ്ങൾ നൽകിയാണ് ട്രാക്ക് പുനർനിർമ്മാണത്തിനായുളള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. സ്ഥലത്ത് നടക്കുന്ന അറ്റകുറ്റപ്പണികൾ സംബന്ധിച്ച് നിരവധി വീഡിയോകളും പുറത്തുവന്നിട്ടുണ്ട്, അതിൽ ട്രാക്കിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ദൃശ്യങ്ങളും കാണാം.
മറിഞ്ഞ എല്ലാ ബോഗികളും നീക്കം ചെയ്തതായി സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ സിപിആർഒ ആദിത്യ കുമാർ ചൗധരി പ്രസ്താവനയിറക്കി. ഗുഡ്‌സ് ട്രെയിനിന്റെ 3 ബോഗികളിൽ 2 എണ്ണം നീക്കം ചെയ്‌തു, മൂന്നാമത്തേത് നീക്കം ചെയ്യുകയാണ്. ട്രാക്കും ഉടൻ വൃത്തിയാക്കും. ഇപ്പോൾ OHE യുടെ ജോലികൾ നടക്കുന്നു, മറുവശത്ത് നിന്ന് ട്രാക്ക് ലിങ്കിംഗ് ജോലികൾ നടക്കുന്നു. പണികൾ ഉടൻ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 4-5 ഡിവിഷനുകളുടെയും 2-3 സോണുകളുടെയും ടീമുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. എല്ലാ റെയിൽവേ ഉദ്യോഗസ്ഥരും ഇവിടെയുണ്ട്.
ആശുപത്രികളിലെ കാര്യങ്ങൾക്ക് മോൽനോട്ടം വഹിക്കാനായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ഭുവനേശ്വറിലെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് നൽകുന്ന ചികിത്സാ സഹായ വിതരണത്തിലും മൻസുഖ് മാണ്ഡവ്യ തീരുമാനമെടുക്കും. ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകുന്നേരം രണ്ട് യാത്ര ട്രെയിനും ഒരു ഗുഡ്‌സ് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ട്രെയിൻ അപകടത്തിൽ ഇതുവരെ 288 യാത്രക്കാർ മരിക്കുകയും 1091 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് സർക്കാർ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നത്.
Discussion about this post