ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേമന്ത്രിയുടെ രാജി പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് കോൺഗ്രസ്. ലാൽ ബഹാദൂർ ശാസ്ത്രിയും മാധവ് റാവു സിന്ധ്യയും നിതീഷ് കുമാറുമൊക്കെ ഇങ്ങനെ അപകടങ്ങളെ തുടർന്ന് രാജിവെച്ച മന്ത്രിമാരാണെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും അത് പിന്തുടരണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.
ട്രെയിൻ അപകടങ്ങളിൽ നിന്ന് സുരക്ഷയൊരുക്കുന്ന കവചിന്റെ വിശ്വാസ്യതയെയും കോൺഗ്രസ് ചോദ്യം ചെയ്തു. കവച് സുരക്ഷിക്കുന്നത് പ്രധാനമന്ത്രയുടെ പ്രതിച്ഛായ മാത്രമാണെന്നും യാത്രക്കാരുടെ സുരക്ഷയല്ലെന്നും കോൺഗ്രസ് മീഡിയ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ വിമർശിച്ചു.
രാജിവെക്കുകയെന്നാൽ അതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ഇവിടെ ഉത്തരവാദിത്വവുമില്ല ധാർമ്മികതയുമില്ല പവൻ ഖേര ആരോപിച്ചു. ആരോടാണ് രാജിവെയ്ക്കാൻ പറയേണ്ടതെന്ന് അറിയില്ല. ചെറിയ സ്റ്റേഷനുകളിൽ കുഞ്ഞു ട്രെയിനുകൾ പോലും ഉദ്ഘാടനം ചെയ്യാൻ പോകുന്ന വ്യക്തി ഇന്നലെ രാവിലെ മുതൽ പബ്ലിസിറ്റിക്ക് വേണ്ടിയുളള ഓട്ടത്തിലാണെന്ന് പവൻ ഖേര പരിഹസിച്ചു. ആരുടെ രാജിയാണ് വേണ്ടതെന്ന് മോദിജിക്ക് തീരുമാനിക്കാമെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഒരിക്കലും അതിവേഗ തീവണ്ടികൾക്ക് എതിരല്ല. പക്ഷെ നമ്മുടെ ജനറൽ കോച്ചുകളുടെ അവസ്ഥയെന്താണെന്ന് പവൻ ഖേര ചോദിച്ചു. വന്ദേഭാരത് ട്രെയിനുകൾ ഫ്‌ലാഗ് ഓഫ് ചെയ്തതുകൊണ്ട് രാജ്യത്തെ റെയിൽ ശൃംഖല മുഴുവനും അതേ രീതിയിലാണോയെന്ന് പവൻ ഖേര ചോദിച്ചു. കഴിഞ്ഞ 70 വർഷമായി റെയിൽവേയെ ശക്തിപ്പെടുത്താൻ വിവിധ സർക്കാരുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പവൻ ഖേര അവകാശപ്പെട്ടു.
അതേസമയം വർഷങ്ങളോളം ഭരണത്തിലിരുന്ന കോൺഗ്രസിന്റെ കെടുകാര്യസ്ഥതയാണ് ഇന്ത്യൻ റെയിൽവേ ഇന്ന് നേരിടുന്ന പരിമിതികൾക്ക് കാരണമെന്ന വിമർശനം ശക്തമാണ്. ഇതിനിടയിലാണ് റെയിൽമന്ത്രി രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസ് ഉയർത്തുന്നത്. ബലാസോറിലുണ്ടായ അപകടത്തിൽ കവചിന് ഒന്നും ചെയ്യാനില്ലെന്ന് റെയിൽവേയുടെ സാങ്കേതിക വിദഗ്ധർ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് മുഖവിലയ്ക്ക് എടുക്കാതെയാണ് രാജ്യം സ്വന്തം നിലയിൽ വികസിപ്പിച്ച സാങ്കേതിക സംവിധാനത്തിന്റെ വിശ്വാസ്യതയെ കോൺഗ്രസ് ചോദ്യം ചെയ്യുന്നത്.
Discussion about this post