ന്യൂഡൽഹി : ഒഡീഷ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് റെയിൽവേ ബോർഡ് ശുപാർശ ചെയ്തതായി റെയിൽവേ മന്ത്രി അറിയിച്ചു. അപകടത്തേക്കുറിച്ചുള്ള വിശദാംശങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചിരുന്നു. അപകടത്തിന്റെ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേ മന്ത്രി സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയതായി അറിയിച്ചത്.
മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. റെയിൽവേ ഗതാഗതം പുനസ്ഥാപിക്കുന്നത് പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പാളിച്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post