പട്‌ന : ബീഹാറിലെ ഭഗൽപൂരിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണു. അഗുവനിഘട്ടിനും സുൽത്താൻഗഞ്ചിനുമിടയിൽ ഗംഗ നദിക്ക് മുകളിലൂടെ നിർമ്മിക്കുന്ന പാലമാണ് വീണ്ടും നദിയിലേക്ക് തകർന്നുവീണത്. നിമിഷങ്ങൾക്കകം പാലം തകർന്നുവീണ് പൂർണമായും വെള്ളത്തിൽ മുങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ബീഹാറിലെ ഖഗാരിയ ജില്ലയിലെ പർവട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകീട്ട് ആറരയോടെയാണ് സംഭവം നടന്നത്. ഖഗാരിയ, ഭഗൽപൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതിനാണ് ഈ പാലം നിർമ്മിക്കുന്നത്. പാലത്തിലെ 30ലധികം സ്ലാബുകൾ, ഏകദേശം 100 അടിയോളം ഭാഗം തകർന്നതായാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വപ്ന പദ്ധതിയായ ഈ പാലത്തിന് ഏകദേശം 1750 കോടി രൂപയാണ് ചെലവ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉത്തരവാദികളെ ഉടൻ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിലിലും ഈ പാലത്തിന്റെ ഭാഗം തകർന്നിരുന്നു. അശ്രദ്ധയാണ് പാലം തകരാനുള്ള കാരണമെന്ന് സുൽത്താൻഗഞ്ച് എംഎൽഎ ലളിത് കുമാർ മണ്ഡല് പറഞ്ഞു. ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എൻജിനീയർമാരുമായി സംസാരിക്കുന്നുണ്ടെന്നും വിശകലനം നടത്തിവരികയാണെന്നും അധികൃതർ അറിയിക്കുന്നു. അപകടത്തിൽ ആളപായമില്ലെന്നാണ് വിവരം.
Discussion about this post