ഇന്ന് ലോക പരിസ്ഥിതിദിനമാണ്. പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ ബാധ്യത ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം. എന്നാല്‍ ദിനംപ്രതി തീവ്രമായിക്കൊണ്ടിരിക്കുന്ന ആഗോള താപനിലയും അസാധാരണമായ നിലയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും വീശിയടിക്കുന്ന കൊടുങ്കാറ്റുകളും പ്രകൃതി ദുരന്തങ്ങളുമെല്ലാം ഭൂമി നേരിടുന്ന അതിഭയങ്കരമായ നാശത്തെ കുറിച്ച് ഓരോ ദിനവും മനുഷ്യര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകരോ ലോക നേതാക്കളോ മാത്രം വിചാരിച്ചതുകൊണ്ട് പരിസ്ഥിതി ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ല. ഭൂമിയിലുള്ള ഓരോരുത്തരും തങ്ങളുടേതായ നിലയില്‍ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചെങ്കിലേ ഭൂമി ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ അല്‍പ്പമെങ്കിലും ശമിക്കുകയുള്ളു.
ഇന്ന് പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് പ്ലാസ്റ്റിക് മാലിന്യം. കരയും കടലും ഒരുപോലെ പ്ലാസ്റ്റിക്ക് കൊണ്ട് നിറയുകയാണ്. പ്ലാസ്റ്റിക് ഉപയോഗിക്കാതെയുള്ള അജിതീവനം തന്നെ അസാധ്യമെന്ന സ്ഥിതിയാണ്. എന്നാല്‍ ലിയോ ബെയ്ക്‌ലന്‍ഡ് ആദ്യമായി പ്ലാസ്റ്റിക് കണ്ടുപിടിച്ചപ്പോള്‍ അത് പ്രകൃതിക്ക് ഒരു താങ്ങായി മാറുമെന്നാണ് കരുതിയിരുന്നത്. ആ കഥ ഇങ്ങനെയാണ്.
1907ലെ ഒരു വേനല്‍ക്കാലത്ത് ബെല്‍ജിയത്തില്‍ നിന്നുള്ള രസതന്ത്രജ്ഞന്‍ ലിയോ ബെയ്ക്‌ലന്‍ഡ് ന്യൂയോര്‍ക്കിലെ പേറ്റന്റ് ഓഫീസിലേക്ക് എത്തിയത് ഒരു സന്തോഷവാര്‍ത്തയുമായാണ്. ഫോര്‍മാല്‍ഡിഹൈഡും ഫിനോളും കൂട്ടിച്ചേര്‍ത്ത് താന്‍ സിന്തറ്റിക് പ്ലാസ്റ്റിക് നിര്‍മ്മിച്ചിരിക്കുന്നു. എന്നാല്‍ തന്റെ ഈ കണ്ടുപിടിത്തം ഭൂമിക്ക് തലവേദനയായി മാറുമെന്ന് അന്ന് അദ്ദേഹം കരുതിയില്ല. നേരെമറിച്ച്, പ്രകൃതി അന്ന് നേരിട്ട വെല്ലുവിളികള്‍ക്ക് തന്റെ കണ്ടെത്തല്‍ ഒരു പരിഹാരമാകുമെന്ന് അദ്ദേഹം വിശ്വസിച്ചു.
1800കളുടെ മധ്യത്തില്‍ ആമകളുടെ പുറംതോട് ഉപയോഗിച്ച് നിര്‍മ്മിച്ച ചീര്‍പ്പുകള്‍, ആനക്കൊമ്പിലുള്ള പിയാനോ കീകള്‍, ബില്ലിയാര്‍ഡ് ബോളുകള്‍ എല്ലാമാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനുവേണ്ടി മൃഗങ്ങളെ വേട്ടയാടുകയും അത് അവയുടെ വംശനാശത്തിലേക്കും എത്തുന്ന സാഹചര്യമുണ്ടായി. ഈ പരിസ്ഥിതി പ്രശ്‌നത്തെ നേരിടുന്നതിന്റെ ഭാഗമായി, ഇവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയൊരു സിന്തറ്റിക്, സെമി-സിന്തറ്റിക് ബദലുകള്‍ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നു. അങ്ങനെയാണ് പ്ലാസ്റ്റിക് കണ്ടെത്തുന്നത്. എന്നാല്‍ പ്രകൃതിയിലെ ജീവജാലങ്ങളുടെയും ഭൂമിയുടെയും രക്ഷയ്ക്കായി കണ്ടെത്തിയ പ്ലാസ്റ്റിക് പിന്നീട് പരിസ്ഥിതിക്ക് ഏറ്റവും വിനാശകരമായി മാറുന്നതാണ് ലോകം കണ്ടത്. ഇന്ന് പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്കുണ്ടാകുന്ന നാശം ഇല്ലാതാക്കുന്നതിനായി ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ട അവസ്ഥയിലേക്ക് ശാസ്ത്രലോകം എത്തി.
പ്ലാസ്റ്റികിന് ചില പരിസ്ഥിതി സൗഹൃദ ബദലുകള്‍
കൂണ്‍
കൂണിലെ മൈസീലിയ എന്ന വെളുത്ത മുടി പോലെയുള്ള വസ്തു ഫംഗസ് കൊണ്ടുള്ള ഒരു പാക്കേജിംഗ് മെറ്റീരിയലിന്റെ പ്രധാന അസംസ്‌കൃത വസ്തുവാണ്. ഇക്കോവേറ്റീവ് ഡിസൈന്‍ എന്ന കമ്പനിയാണ് ഈ ആശയത്തിന് പിന്നില്‍. ഓട്‌സ്, ചണം പോലുള്ളവയും ഫംഗല്‍ മൈസീലിയയും കൂട്ടിച്ചേര്‍ത്ത് കട്ടിയുള്ള മാറ്റ് ആക്കി മാറ്റി അത് പിന്നീട് പരിസ്ഥിതി സൗഹൃദ കണ്ടെയ്‌നറുകളും കാര്‍ട്ടണും ഒക്കെ ആക്കി മാറ്റുകയാണ് കമ്പനി ചെയ്യുന്നത്. വിഘടിക്കാന്‍ കുറഞ്ഞത് 500 വര്‍ഷമെങ്കിലും എടുക്കുന്ന സ്റ്റിറോഫോമിന് ബദലായാണ് ഇക്കോവേറ്റീവ് ഈ ഉല്‍പ്പന്നത്തെ മാര്‍ക്കറ്റ് ചെയ്യുന്നത്. ഈ നൂതന മെറ്റീരിയല്‍ കേവലം 180 ദിവസം കൊണ്ട് വിഘടിച്ച് മണ്ണില്‍ ചേരും.
സീ വീഡ് അഥവാ കടല്‍പ്പായല്‍
മാക്രോആല്‍ഗയായ കടല്‍പ്പായല്‍ മികച്ച ഒരു പാക്കേജിംഗ് മെറ്റീരിയല്‍ ആക്കാന്‍ സാധ്യയുള്ള ഒന്നാണ്. പ്ലാസ്റ്റിക് പൊതികള്‍, ബാഗുകള്‍, സ്‌ട്രോകള്‍, കപ്പുകള്‍ എന്നിവയ്ക്ക് ബദലായി മാറാനും കടല്‍പ്പായലിനാകും. ഭൂമിയിലെ അതിവേഗം വളരുന്ന ജീവജാലങ്ങളില്‍ ഒന്നായ കടല്‍പ്പായലിന്, പ്ലാസ്റ്റികിന് പകരമായി സുസ്ഥിരമായ പാക്കേജിംഗ് മെറ്റീരിയല്‍ ആവാനുള്ള ശേഷിയുണ്ട്. എന്നാല്‍ കടല്‍പ്പായലിന് പാക്കേജിംഗ് മെറ്റീരിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാരംഭദശയില്‍ മാത്രമാണ്. എങ്കിലും പ്ലാസ്റ്റികിന് പകരമെന്ത് എന്ന ചോദ്യത്തിന് വളരെ പ്രതീക്ഷയുള്ള ഉത്തരമാണ് കടല്‍പ്പായല്‍.
കൊഞ്ചിന്റെ തോട്
ഭൂമിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നമ്മുടെ സമുദ്രങ്ങളിലുണ്ട്. കൊഞ്ചിന്റെ തോടില്‍ നിന്നും നിര്‍മ്മിക്കുന്ന ബാഗുകള്‍ പ്ലാസ്റ്റിക് ബാഗുകളെ കടത്തിവെട്ടുന്നവയാണ്. ഇവ വേഗം മണ്ണില്‍ അലിഞ്ഞുചേരുകയും ചെയ്യും. ഈജിപ്തില്‍ കൊഞ്ചിന്റെ തോട് പോലുള്ള മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് കണ്ട യുകെയിലെ നോട്ടിംഗ്ഹാം സര്‍വ്വകലശാലയിലെ എഞ്ചിനീയറിംഗ് പ്രഫസറും സംഘവുമാണ് ഇവയെ ഉപകാരപ്രദമായ പ്ലാസ്റ്റികിന് സമാനമായ ഉല്‍പ്പന്നമാക്കി മാറ്റിയത്. മാലിന്യം ആസിഡില്‍ തിളപ്പിച്ചാണ് ഈ പുതിയ ഉല്‍പ്പന്നമുണ്ടാക്കിയത്.
അരി, തിന, ഗോതമ്പ്
ചോറുണ്ട് മതിയാകാതെ വരുമ്പോള്‍ സ്പൂണും കൂടി അങ്ങ് കഴിക്കുന്നത് ആലോചിച്ച് നോക്കൂ. അങ്ങനെയൊരു കാലം വിദൂരമല്ല. കഴിക്കാന്‍ കഴിയുന്ന സ്പൂണും കത്തിയും മുള്ളുമെല്ലാം നിര്‍മ്മിക്കാന്‍ പല സ്റ്റാര്‍ട്ടപ്പുകളും ശ്രമിക്കുന്നുണ്ട്. അവ യാഥാര്‍ത്ഥ്യമായാല്‍ നിലവില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്പൂണുകളോട് നമുക്ക് ടാറ്റ പറയാം. ഗോതമ്പ്, തിന, അരി പോലുള്ള ധാന്യങ്ങളും ഉപ്പും ചേര്‍ത്താണ് ഇത്തരം പ്രകൃതി സൗഹൃദ സ്പൂണും കത്തിയും മുള്ളുമെല്ലാം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. ഇനി അവ തിന്നാന്‍ ഇഷ്ടമില്ലെങ്കിലും സാരമില്ല, മൂന്ന് വര്‍ഷത്തോളം ഇവ കേടുകൂടാതെ ഇരിക്കുമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.
ചാണകം
പശുവിന്റെ ചാണകം വെറുമൊരു വിസര്‍ജ്യമായി കാണരുത്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം ഉള്‍പ്പടെ നിരവധി ധാതുക്കളുടെ കലവറാണ് ചാണകം. വളരെ വേഗം വിഘടിക്കുമെന്ന ചാണകത്തിന്റെ ഗുണം മുന്‍നിര്‍ത്തി അതിന് മികച്ച പ്ലാസ്റ്റിക് ബദലായി മാറാനാകും. വളകളുടെ പെട്ടികള്‍, ട്രേകള്‍, കൈസഞ്ചികള്‍, ഗിഫ്റ്റ് ബോക്‌സുകള്‍ തുടങ്ങി പല ഉല്‍പ്പന്നങ്ങളും ചാണകത്തില്‍ നിന്നും നിര്‍മ്മിക്കാനാകും.













Discussion about this post