എറണാകുളം: സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സിനിമാ തിയറ്ററുകൾ അടച്ചിടും. 2018 എന്ന ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് തിയറ്ററുകൾ അടച്ചിടുന്നത്. ഒടിടി റിലീസ് സംബന്ധിച്ച് തിയറ്റർ ഉടമകളുമായുള്ള കരാർ 2018 സിനിമയുടെ കാര്യത്തിൽ ലംഘിച്ചിവെന്നും, ഇതിനോടുള്ള പ്രതിഷേധമായാണ് തിയറ്ററുകൾ അടച്ചിടുന്നതെന്നും തിയറ്റർ ഉടമകൾ അറിയിച്ചു.
കരാർ ലംഘനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ഫിയോകിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് തിയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. സിനിമ തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയറ്ററുടമകളുമായി ഉണ്ടാക്കിയിരുന്ന കരാർ. എന്നാൽ കരാറിലെ വ്യവസ്ഥ പാലിക്കാതെ ഇതിന് മുൻപുതന്നെ സിനിമ ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ മാസം അഞ്ചിനായിരുന്നു 2018 തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഒടിടി റിലീസ് നാളെയാണ്. ഒരു മാസം തികഞ്ഞയുടനെ ചിത്രം ഒടിടിയ്ക്ക് നൽകിയ തീരുമാനമാണ് പ്രതിഷേധത്തിന് കാരണം ആയത്. തിയറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് 2018. ഇത് ഒടിടിയിൽ റിലീസ് ചെയ്യുന്നത് തിയറ്ററിലേക്കുള്ള ആളുകളുടെ ഒഴുക്ക് കുറയ്ക്കുമെന്നാണ് ആശങ്ക.
Discussion about this post