തിരുവനന്തപുരം : കേരളത്തിന് ഊർജ്ജം നൽകാൻ ഇനി ടാറ്റ ഗ്രൂപ്പ്. കെഎസ്ഇബിക്ക് വൈദ്യുതി നൽകാൻ രാജ്യത്തെ ഊർജോത്പാദക കമ്പനിയായ ടാറ്റ പവറിന്റെ ഉപകമ്പനിയാണ് രംഗത്തെത്തിയത്. ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡാണ് (TPREL) കേരളത്തിന് വൈദ്യുതി നൽകാൻ കെഎസ്ഇബിയുമായി കരാറിലേർപ്പെട്ടത്.
രാജസ്ഥാനിലെ ബിക്കാനീറിൽ 110 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി കമ്മീഷൻ ചെയ്തിട്ടുണ്ട്. ഇവിടെ നിന്നാണ് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 211 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്, ടിപിആർഇഎല്ലിന്റെ കീഴിലുള്ള ബിക്കാനീറിലെ പദ്ധതിയിൽ നിന്നും ഉത്പാദിപ്പിക്കുന്നത്. ഇതിലൂടെ പ്രതിവർഷം 2,58,257 മെട്രിക് ടൺ ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കാനാകും എന്ന് ടാറ്റ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു.
പദ്ധതിക്കായി 2,59,272 മോണോ ബൈഫേഷ്യൽ PERC ഹാഫ്-സെൽ മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്.
വളരെയേറെ വെല്ലുവിളികളുള്ള ഭൂപ്രകൃതി, അതികഠിനമായ കാലാവസ്ഥ, 50 ലേറെ ഡിഗ്രി താപനില, ഏറ്റവും തണുപ്പുള്ള ശൈത്യകാലം, മണൽക്കാറ്റ്, എന്നീ വെല്ലുവിളികൾക്കിടയിലും 7 മാസമെന്ന നിശ്ചിത കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കിയെന്ന് കമ്പനി അവകാശപ്പെടുന്നു. വിദഗ്ധ ടീമിന്റെയും അത്യാധുനിക സാങ്കേതിക വിദ്യയുടെയും പിന്തുണയോടെ രാജസ്ഥാനിൽ ഏറ്റവും വേഗത്തിൽ കമ്മീഷൻ ചെയ്ത പദ്ധതികളിലൊന്നാണ് ഈ പ്രോജക്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ഹരിത ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഈ സൗരോർജ്ജ പദ്ധതി സഹായിക്കുമെന്ന് ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് സിഇഒ ആശിഷ് ഖന്ന പറഞ്ഞു. പുതിയ പദ്ധതി കമ്മീഷൻ ചെയ്തതോടെ ടിപിആർഇഎല്ലിന്റെ കീഴിലുള്ള പുനരുപയോഗ ഊർജ്ജ ഉത്പാദന ശേഷി 6,788 മെഗാവാട്ട് ആയി. ഇതിൽ സോളാർ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് 3,106 മെഗാവാട്ടും കാറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് 941 മെഗാവാട്ടും ആണ്. സ്ഥാപിത ശേഷി 4,047 മെഗാവാട്ട് ആണ്. 2,741 മെഗാവാട്ടിന്റെ പദ്ധതികൾ നിർമാണ ഘട്ടങ്ങളിലുമാണ്.
Discussion about this post