പായസത്തിന് രുചിയില്ലെന്ന് ആരോപിച്ച് സദ്യയ്ക്കിടെ കൂട്ടത്തല്ല്. വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിലാണ് മണ്ഡപത്തിൽ വെച്ച് വഴക്കുണ്ടായത്. തമിഴ്‌നാട്ടിൽ മയിലാടുംതുറൈ ജില്ലയിലെ സീർകാഴിയിലാണ് സംഭവം. സ്വകാര്യ കല്യാണ മണ്ഡപത്തിൽ വെച്ച് നടന്ന വിവാഹ നിശ്ചയത്തിനിടെയാണ് ഇരു വീട്ടുകാരും തമ്മിൽ വഴക്കുണ്ടായത്.
സദ്യയ്ക്ക് വിളമ്പിയ പായസത്തിന് രുചിയില്ലെന്ന് ആരോപിച്ച് വീട്ടിലെ സ്ത്രീകൾ വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിൽ പ്രകോപിതരായ വരന്റെ വീട്ടുകാർ വധുവിന്റെ വീട്ടുകാർക്ക് നേരെ സാമ്പാർ എടുത്ത് ഒഴിച്ചു. തുടർന്ന് ഇരു സംഘവും ഏറ്റുമുട്ടി.
ഭക്ഷണം കഴിക്കുന്നതിനിടെ മേശയും കസേരയും തള്ളിയിടുകയും വാതിലിന്റെ ഇരുഭാഗങ്ങളിൽ നിന്നും ആളുകൾ പരസ്പരം ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസ് എത്തി ചർച്ച നടത്തിയാണ് സംഭവം ഒത്തുതീർപ്പാക്കിയത്.
Discussion about this post