കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തെന്ന മുൻ പ്രസ്താവന തിരുത്തി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്‌തെന്ന മുൻ നിലപാടാണ് മാറ്റിയത്. ആർഷോ പുനഃപ്രവേശനം നേടിയത് നാലാം സെമസ്റ്ററിലാണെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.മാദ്ധ്യമങ്ങൾക്ക് നൽകിയ രേഖയിൽ ആശയകുഴപ്പമുണ്ടെന്നാണ് കോളേജ് അധികൃതർ ഇപ്പോൾ വിശദീകരിച്ചരിക്കുന്നത്.
പിഎം ആർഷോ റീ അഡ്മിഷൻ എടുത്തെന്നും മഹാരാജാസ് പ്രിൻസിപ്പൽ വ്യക്തമാക്കി. 2021 ലെ ബാച്ചിനൊപ്പമാണ് ആർഷോയുടെ റിസൾട്ട് വന്നിരിക്കുന്നത്. 2020 ലാണ് അഡ്മിഷൻ എടുത്തതെങ്കിലും കൃത്യമായി ക്ലാസിൽ കയറാത്തതിനാൽ റോൾ ഔട്ടായി. ഇതിനെ തുടർന്ന് 2021 ൽ ആർഷോ പുന:പ്രവേശനം നേടുകയുമായിരുന്നുവെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.ആദ്യം മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് ഫീസടയ്‌ക്കേണ്ടവരുടെ ലിസ്റ്റ് എടുത്തപ്പോൾ അതിൽ ആർഷോയുടെ പേര് ഉണ്ടായിരുന്നുവെന്ന സാങ്കേതിക പിഴവാണ് കോളേജ് ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.
തന്റെ പേരിൽ മാർക്ക് ലിസ്റ്റ് പുറത്തിറങ്ങിയതിന് പിന്നിൽ ഗൂഢാലോചനയാണെന്നാണ് ആർഷോ പ്രതികരിച്ചതിന് പിന്നാലെയാണ് മഹാരാജാസ് പ്രിൻസിപ്പൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ആർഷോയുടെ മാത്രമല്ല മറ്റ് കുട്ടികളുടെയും മാർക്ക് ലിസ്റ്റിൽ സമാനമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.
Discussion about this post