ഭുവനേശ്വർ: ഒഡീഷയിൽ തീവണ്ടി ശരീരത്തിലൂടെ കയറി ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജജ്പൂർ ജില്ലയിലെ കിയോഞ്ചാർ റോഡ് റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം.
ചരക്ക് തീവണ്ടിയാണ് തൊഴിലാളികളുടെ ശരീരത്തിലൂടെ കയറി ഇറങ്ങിയത്. റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികളാണ് ഇവർ. പണികൾ ചെയ്യുന്നതിനിടെ ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെട്ടിരുന്നു. മഴയിൽ നിന്നും രക്ഷനേടാൻ ഇവർ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്കടിയിൽ അഭയം പ്രാപിക്കുകയായിരുന്നു.
എന്നാൽ ഇതറിയാതെ ലോക്കോ പൈലറ്റ് തീവണ്ടി എടുത്തു. ഇതോടെ അടിയിലിരുന്ന തൊഴിലാളികൾ അപടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇത് ബന്ധുക്കൾക്ക് കൈമാറും.
സംഭവത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ദു:ഖം രേഖപ്പെടുത്തി. അപ്രതീക്ഷിത ദുരന്തമാണ് ഉണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post