കണ്ണൂർ: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ എല്ലാ മന്ത്രിമാരും ചേർന്ന് പ്രതിരോധിക്കേണ്ടത് അവരുടെ കടമയാണെന്ന റിയാസിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി ഇ.പി.ജയരാജൻ. റിയാസിന്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല. ആരോപണങ്ങളെ ആരും പ്രതിരോധിക്കുന്നില്ല എന്നത് ദുർവ്യാഖ്യാനമാണ്. ആ വ്യാഖ്യാനം തന്നെ ദുരുദ്ദേശപരമാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ എല്ലാവരും ചേർന്നാണ് പ്രതിരോധിക്കുന്നത്. കേരളത്തിലെ ജനങ്ങളാകെ മുഖ്യമന്ത്രിയുടെ ഫാൻസ് ആണെന്നും ഇ.പി.ജയരാജൻ പറഞ്ഞു
റിയാസിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷമടക്കം രംഗത്തെത്തിയിരുന്നു. അഴിമതിയാരോപണങ്ങളിൽ മന്ത്രിമാരാരും പ്രതിരോധത്തിന് എത്താത്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മരുമകൻകൂടിയായ മുഹമ്മദ് റിയാസ് ഈ വാദവുമായി വന്നതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഒരു അഭിമുഖത്തിൽ റിയാസ് നടത്തിയ പരാമർശമാണ് കുടുംബരാഷ്ട്രീയ ചർച്ചയിലേക്ക് വഴിവെച്ചത്.
മുഖ്യമന്ത്രിക്ക് നേരെയും സർക്കാരിന് നേരെയും വിമർശനം വന്നാൽ മറ്റുമന്ത്രിമാർ മിണ്ടരുതെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുമോയെന്നായിരുന്നു റിയാസ് ചോദിച്ചത്. ശക്തമായി പറയണമെന്നല്ലേ ആഗ്രഹിക്കുക. മന്ത്രിമാർ വ്യക്തിപ്രതിച്ഛായയുടെ തടവറയിലല്ല. അങ്ങനെ കരുതുന്നവരുമല്ല ഈ മന്ത്രിസഭയിലെ അംഗങ്ങൾ. രാഷ്ട്രീയം പറയാൻ ഉത്തരവാദിത്വമുള്ളവരാണ് മന്ത്രിമാർ എന്നും റിയാസ് പറഞ്ഞിരുന്നു.
Discussion about this post