എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന നിന്ദ്യമായ കാര്യങ്ങൾ പുറത്തുവരണം. പരീക്ഷയിൽ കൃത്രിമം കാണിച്ച് പാസായ എസ്എഫ്‌ഐ നേതാവിനെ സിപിഎം സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പരീക്ഷ എഴുതാതെ കൃത്രിമം കാണിച്ച എസ്എഫ്‌ഐ നേതാവ് ആർഷോയെ രക്ഷിക്കാനുള്ള ഗൂഢ ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതിനായാണ് വിദ്യയെ തള്ളിപ്പറയുന്നത്.
ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികൾ മാത്രം നടത്തിയ തട്ടിപ്പല്ല കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ളത്. പല കോളേജുകളിലെയും അധികൃതർക്ക് ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന എല്ലാ തട്ടിപ്പുകൾക്കും പിന്നിൽ എസ്എഫ്‌ഐയും സിപിഎം അനുകൂല അദ്ധ്യാപക സംഘടനകളുമാണ്. സംഭവത്തിൽ നേതൃത്വത്തിലെ ഉന്നതർക്കും പങ്കുണ്ട്. പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ കണ്ടാൽ ഇത് മനസ്സിലാകുമെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
യൂണിവേഴ്‌സിറ്റി അസിസ്റ്റൻഡ് ഗ്രേഡ് തട്ടിപ്പ് മുതൽ എല്ലാ തട്ടിപ്പുകളിലും പ്രതികൾ രക്ഷപ്പെട്ടു. അതുകൊണ്ടുതന്നെ ക്രൈംബ്രാഞ്ച് അന്വേഷണം വെറും പ്രഹസനമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്ന കൊള്ളരുതായ്മകൾ ജനം അറിയണം.
കൊടും ക്രിമിനലാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി. വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ശ്രമിച്ച് ജോലി തട്ടാൻ ശ്രമിച്ച സംഭവത്തിൽ വാദിയെ പ്രതിയാക്കുന്ന നയമാണ് സ്വീകരിക്കുന്നത് എന്നും സുരേന്ദ്രൻ അറിയിച്ചു.
Discussion about this post