നീണ്ട കാലമായി ഇന്ത്യൻ ടീമിന് പുറത്തായിരുന്ന മുഹമ്മദ് ഷമിയെ 2027-ലെ ഏകദിന ലോകകപ്പ് കൂടി മുന്നിൽക്കണ്ട് ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. പരിക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റിൽ താരം നടത്തിയ അവിശ്വസനീയ പ്രകടനമാണ് സെലക്ടർമാരെ ഇത്തരമൊരു ‘യു-ടേണിന്’ പ്രേരിപ്പിക്കുന്നത് എന്ന് ഉറപ്പിക്കാം.
രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലുമായി കഴിഞ്ഞ 10 മത്സരങ്ങളിൽ നിന്ന് 37 വിക്കറ്റുകൾ ഷമി വീഴ്ത്തിയിരുന്നു. തന്റെ ബോളിങ്ങിൽ ഇപ്പോഴും പഴയ മൂർച്ച ഇപ്പോഴുമുണ്ടെന്ന് താരം തെളിയിച്ചു. ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഷമി ടീമിലെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കുന്ന സാഹചര്യത്തിൽ ഷമിയുടെ അനുഭവം ടീമിന് കരുത്താകുമെന്ന് സെലക്ടർമാർ കരുതുന്നു.
ഇന്ത്യ ഫൈനലിലെത്തിയ 2023 ഏകദിന ലോകകപ്പ്, ജേതാക്കളായ ചാമ്പ്യൻസ് ട്രോഫി ഇവയിൽ എല്ലാം ഷമി എന്ന താരം വഹിച്ച പങ്ക് വലുതായിരുന്നു. അതിനാൽ തന്നെ വലിയ ഒരു ടൂർണമെന്റ് പടിവാതിൽക്കൽ നിൽക്കെ താരത്തിന്റെ പരിചയസമ്പത്തും വലിയ പരമ്പരകൾ കളിക്കുമ്പോൾ പ്രകടിപ്പിക്കുന്ന മികവും കണ്ടില്ല എന്ന് നടിക്കാൻ ആർക്കുമാകില്ല.
അതേസമയം സീനിയർ താരങ്ങളെ തഴയുന്നു എന്ന ആരോപണം നേരിടുന്ന കോച്ച് ഗൗതം ഗംഭീർ, ഷമിയുടെ കാര്യത്തിൽ പച്ചക്കൊടി കാണിക്കുമോ എന്നത് നിർണ്ണായകമാണ്. എങ്കിലും ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം ഷമി സെലക്ഷൻ റഡാറിലുണ്ട്.













Discussion about this post