പുതുവത്സര ദിനത്തിൽ സംസ്ഥാനത്തെ ബാറുകൾ രാത്രി 12 മണി വരെ തുറന്നു പ്രവർത്തിക്കാൻ സർക്കാർ നൽകിയ അനുമതിയിൽ മദ്യവിരുദ്ധസമിതികളുടെ പ്രതിഷേധം ഇരമ്പുന്നു. മദ്യവർജനമാണ് സർക്കാർ നയമെന്ന് അവകാശപ്പെടുമ്പോഴും, ബാറുടമകളുടെ അപേക്ഷയിന്മേൽ മണിക്കൂറുകൾക്കുള്ളിൽ തീരുമാനമെടുത്ത് ഉത്തരവിറക്കിയതാണ് വിവാദമായിരിക്കുന്നത്.
ബാറുടമകളുടെ ആവശ്യം വിനോദസഞ്ചാര വകുപ്പിന്റേത് കൂടിയാക്കി മാറ്റിയാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ ബാറുകളും ബിയർ പാർലറുകളും ഇന്ന് അർദ്ധരാത്രി വരെ സജീവമായിരിക്കും. സാധാരണ ഗതിയിൽ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ മാസങ്ങൾ നീണ്ട ചർച്ചകൾ നടക്കാറുള്ളിടത്താണ് വെറും നാല് ദിവസത്തിനുള്ളിൽ എക്സൈസ് മന്ത്രിയുടെ ഓഫീസ് ഫയലിൽ തീർപ്പുകൽപ്പിച്ചതെന്നാണ് വിമർശനം.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ ‘അതിവേഗ’ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. മദ്യത്തിൽ നിന്നുള്ള നികുതി വരുമാനം വർദ്ധിപ്പിക്കാൻ നികുതി വകുപ്പും പച്ചക്കൊടി കാട്ടി. ഓരോ വർഷവും മദ്യനയം പുതുക്കേണ്ടതില്ലെന്ന നിലപാടുള്ള എക്സൈസ് മന്ത്രി, ഭാവിയിൽ ഉത്സവ സീസണുകളിലും ബാറുകളുടെ സമയം നീട്ടി നൽകാനുള്ള സൂചനയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 22 പുതിയ ബാറുകൾക്കാണ് എൽഡിഎഫ് സർക്കാർ അനുമതി നൽകിയത്. രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തെ ആകെ ബാറുകളുടെ എണ്ണം രണ്ടായിരത്തിലേക്ക് എത്തിക്കാനാണ് നീക്കമെന്ന് മദ്യനിരോധന സമിതികൾ ആരോപിക്കുന്നു.
പുതുവത്സരാഘോഷങ്ങൾക്കിടയിൽ മദ്യലഹരിയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴാണ് സർക്കാരിന്റെ ഈ വിവാദ ഉത്തരവ്. ഇന്ന് രാത്രി 12 മണി വരെ മദ്യം ആവശ്യക്കാർക്ക് സുലഭമായി ലഭിക്കുമെന്ന് ഉറപ്പാക്കിയതോടെ ലഹരിവിരുദ്ധ പ്രചാരണങ്ങൾ വെറും പ്രഹസനമായി മാറുകയാണ്.













Discussion about this post