ന്യൂഡൽഹി : രാജ്യത്ത് ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. മാൽവെയർ അറ്റാക്ക് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ ചൈനീസ് സാങ്കേതിക വിദ്യയുടെ ഉപയോഗവും ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
ഇന്ത്യൻ നിർമ്മിത ഉത്പന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച് കെ ഫോൺ പദ്ധതിയിൽ ചൈനീസ് കേബിളുകൾ ഉപയോഗിച്ചത് വൻ വിവാദങ്ങൾ വഴിവെച്ചിരുന്നു. എൽ എസ് കേബിൾ എന്ന പേരിൽ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. ഈ കേബിളുകൾക്ക് ഗുണനിലവാരമില്ലെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിൽ രാജ്യത്ത് ചൈനീസ് നിർമ്മിത ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിച്ചുവരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം താക്കീത് നൽകിയത്.
ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് കരാർ നേടിയെടുക്കുകയാണ് ചൈനീസ് കമ്പനികൾ ചെയ്തുവരുന്നത്. ഊർജം, വാർത്താവിനിമയം, പ്രിൻറിങ്, വ്യോമയാനം, റെയിൽവേ, ഖനനം, ആരോഗ്യം, നഗരഗതാഗതം, ഡിജിറ്റൽ മീഡിയ, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ചൈനീസ് കമ്പനികളെ ആശ്രയിക്കുന്നത് നിരുൽസാഹപ്പെടുത്തണം. പല കമ്പനികളുടെയും ഡേറ്റാബേസ് ഹാക്ക് ചെയ്യപ്പെട്ട സംഭവങ്ങളും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
Discussion about this post