മുംബൈ : മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻചിറ്റ് നൽകാൻ നിയമം ലംഘിച്ച് തെളിവുകൾ മറച്ചുവെച്ചുവെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) മുൻ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്വേഷണത്തിൽ ഉൾപ്പെട്ട സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയർ അപകടത്തിലാക്കാൻ അന്വേഷണ സംഘം വസ്തുതകൾ വളച്ചൊടിക്കുകയും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്ന് വാങ്കഡെ പറഞ്ഞു.
”വസ്തുതാപരമായ വിവരങ്ങളും തെളിവുകളും ഇല്ലാതാക്കിക്കൊണ്ട് ആര്യൻ ഖാന് ക്ലീൻചിറ്റ് നൽകാൻ അന്വേഷണ സംഘം കൂട്ടുനിന്നു. ഇത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ്. അന്വേഷണത്തിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് ആര്യൻ ഖാനെ കുറ്റവിമുക്തനാക്കാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികൾ” വാങ്കഡെ ആരോപിച്ചു.
കൈക്കൂലി കുറ്റം ചുമത്തി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയുടെ ഭാഗമായാണ് മുൻ എൻസിബി ഉദ്യോഗസ്ഥൻ സത്യവാങ്മൂലം സമർപ്പിച്ചത്.
ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് വാങ്കഡെ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം നടക്കുകയാണ്. സിബിഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയുടെ ഭാഗമായാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കുടുംബത്തോടൊപ്പം വിദേശയാത്ര നടത്തിയെന്നതും ആഡംബര വസ്തുക്കൾ വാങ്ങിയെന്നതുമുൾപ്പെടെയുള്ള ആരോപണങ്ങൾ വാങ്കഡെ തള്ളി.
Discussion about this post