കൊച്ചി : കൈക്കൂലി കേസിൽ വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എറണാകുളം കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെ ഓവർസിയറായ അബ്ദുൾ ജബ്ബാറാണ് വിജിലൻസിന്റെ പിടിയിലായത്. ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഇയാൾക്ക് വേണ്ടി വലവിരിക്കുകയായിരുന്നു.
പാലക്കുഴ സ്വദേശിയുടെ വീട് നിർമാണത്തിനായി താത്ക്കാലിക വൈദ്യുതി കണക്ഷനെടുക്കാനാണ് അബ്ദുൾ ജബ്ബാർ 3,000 രൂപ ആവശ്യപ്പെട്ടത്. ഓഫീസിൽ വെച്ച് വേണ്ട ഹോട്ടലിൽ പണം എത്തിക്കാനാണ് അബ്ദുൾ ജബ്ബാർ ആവശ്യപ്പെട്ടത്. ഇതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു.
വിജിലൻസ് സംഘം കൈമാറിയ പണവുമായി പരാതിക്കാരൻ ഹോട്ടലിൽ എത്തി. തുടർന്ന് അബ്ദുൾ ജബ്ബാർ എത്തി കൈക്കൂലി വാങ്ങിയതോടെ തൊട്ടടുത്ത സീറ്റുകളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.
Discussion about this post