ലോകചുറ്റണമെന്നത് നമ്മുടെ എല്ലാവരുടെയും ആഗ്രഹമായിരിക്കും. എല്ലാവർക്കും അതിന് സാധിക്കില്ലെങ്കിലും കുറേപേരെങ്കിലും ഇത്തരം ആഗ്രഹങ്ങൾ നടപ്പിലാക്കും. അതിനായി മിക്കവരും വിമാന യാത്ര തന്നെയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ താൻ വിമാനത്തിൽ കയറാതെ തന്നെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചുവെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് 44 കാരനായ തോർ പെഡേഴ്‌സൺ.
വിമാനത്തിൽ കാല് കുത്താതെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച ഏക വ്യക്തി താനാണ് എന്നാണ് തോർ പറയുന്നത്. ഡെൻമാർക്ക് സ്വദേശിയാണ് തോർ. ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്‌സിൽ ജോലി ചെയ്തിരുന്ന തോർ 2013 ൽ ജോലി രാജിവെച്ച് ലോകം ചുറ്റാനിറങ്ങി. ഡെൻമാർക്കിൽ നിന്ന് ജർമനിയിലേക്കാണ് ആദ്യമിയാൾ പോയത്. കഴിഞ്ഞ മാസമാണ് മാലി ദ്വീപുകളിൽ വെച്ച് യാത്ര അവസാനിപ്പിച്ചത്.
ഓരോ ആഴ്ച ഒരോ രാജ്യത്ത് ചെലവഴിക്കാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ 17 ദിവസം ഒരു രാജ്യത്ത് ചെലവഴിക്കേണ്ടി വന്നു. ഏറ്റവും കുറവ് മണിക്കൂർ വത്തിക്കാൻ സിറ്റിയിലാണ് ഉണ്ടായിരുന്നത്. 24 മണിക്കൂർ നേരം മാത്രമേ ഇവിടെ ചെലവഴിച്ചുള്ളൂ. എന്നാൽ കൊറോണ മഹാമാരി മൂലം രണ്ട് വർഷത്തോളം ഹോങ്കോങ്ങിൽ പെട്ടുകിടന്നു. തുടർന്ന് ഹോങ്കോങ്ങിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള കണ്ടെയ്‌നർ ഷിപ്പിൽ 17 ദിവസം കഴിഞ്ഞു.
താൻ വിനോദയാത്രയല്ല മാരത്തൺ ആണ് നടത്തിയിരുന്നത് എന്ന് തോർ പറയുന്നു. കൂടുതൽ സമയവും ബസിലും ട്രെയിനിലുമാണ് യാത്ര ചെയ്തത്. 54 മണിക്കൂർ നേരം ബ്രസീലിൽ ബസിൽ യാത്ര ചെയ്തു. കപ്പലിൽ ചെലവഴിച്ച 27 ദിവസമാണ് ഏറെ പ്രിയപ്പെട്ടത്. വായിക്കാനും വ്യായാമം ചെയ്യാനുമൊക്കെ ഇത് സമയം നൽകി. യാത്രയ്‌ക്കൊപ്പം ഇയാൾ ഭാര്യയെ കൂട്ടിയിരുന്നില്ല. അതുകൊണ്ട് 27 തവണ ഭാര്യ തന്നെ കാണാൻ വന്നുവെന്ന് തോർ പറഞ്ഞു.
ഭാര്യയെ പറഞ്ഞയയ്ക്കാൻ പോകുമ്പോഴാണ് ഏറ്റവുമധികം സങ്കടം തോന്നുക. ഈ യാത്ര കാരണം ഒരു കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വൈകി. മാതാപിതാക്കളോടൊപ്പം അവരുടെ അവസാന നാളുകളിൽ സമയം ചെലവഴിക്കാൻ കഴിയാത്തതിൽ ഇപ്പോൾ പശ്ചാത്താപം ഉണ്ടെന്നും തോർ പറയുന്നു.
351 ബസുകളിലും, 158 ട്രെയിനുകളിലും 43 ടക്ക് ടക്ക് വാഹനത്തിലും 37 കണ്ടെയ്‌നർ ഷിപ്പികളിലും 33 ബോട്ടുകളിലും 9 ട്രക്കുകളിലും മൂന്ന് പായ്ക്കപ്പലുകളിലും രണ്ട് ക്രുയിസ് ഷിപ്പുകളിലും കുതിരവണ്ടിയിലും എന്ന് വേണ്ട പോലീസ് വാഹനത്തിൽ വരെ ഇയാൾ യാത്ര നടത്തി. 223,073 മൈൽ ദൂരമാണ് യുവാവ് സഞ്ചരിച്ചത്. ദിവസേന 20 ഡോളർ, അതായത് 1650 രൂപ ചെലവായി.
നിലവിൽ മാലിദ്വീപിൽ ഉള്ള തോർ അടുത്തത് ശ്രീലങ്കയിലേക്കും അവിടെ നിന്ന് ജർമനിയിലേക്കും പിന്നീട് ഡെൻമാർക്കിലേക്കും പോകും.













Discussion about this post