നോർവെ: കാനഡയിലെ കാട്ടുതീയുടെ പുക അയ്യായിരത്തിലധികം കിലോമീറ്റർ അകലെയുള്ള നോർവെ വരെ എത്തിയതായി ശാസ്ത്രജ്ഞർ. അമേരിക്കയുടെ പലഭാഗങ്ങളേയും പുക ഇതിനകം മൂടിക്കഴിഞ്ഞു. ഏകദേശം 7.5 കോടിയിലധികം ആളുകൾക്കാണ് വായു ഗുണനിലവാര മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായി ഉയരുന്ന പുക കാനഡയിൽ നിന്ന് ഗ്രീൻലാൻഡ്, ഐസ്ലാൻഡ് എന്നിവിടങ്ങളിലേക്കും പിന്നീട് നോർവേയിലേക്കും പടരുകയായിരുന്നു.
നോർവേയിലെ കാലാവസ്ഥാ പരിസ്ഥിതി ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരാണ് പ്രദേശത്ത് പുകയുടെ അളവ് വർദ്ധിച്ച് വരുന്നതായി കണ്ടെത്തിയത്. കൃത്യമായ ഉപകരണങ്ങൾ വച്ച് പരിശോധിക്കുകയും പഠിക്കുകയും ചെയ്തതിന് ശേഷമാണ് പുകയുടെ ഉത്ഭവസ്ഥാനം കാനഡ ആണെന്ന് സ്ഥിരീകരിച്ചത്. നേരിയ മൂടൽമഞ്ഞ് പോലെയാണ് നോർവെയുടെ പലഭാഗത്തും പുക പടരുന്നതെന്ന് മുതിർന്ന ശാസ്ത്രജ്ഞനായ നിക്കോളാസ് ഇവാഞ്ചെലിയോ പറഞ്ഞു. അമേരിക്കയിൽ നിന്ന് വ്യത്യസ്തമായി നിലവിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഇവയ്ക്ക് ശേഷിയില്ലെന്നാണ് വിലയിരുത്തൽ.
ഇത്രയും ദൂരെ നിന്ന് വരുന്നതിനാൽ വളരെ നേർത്ത പുകയാണ് ഇപ്പോഴുള്ളത്. വരും ദിവസങ്ങളിൽ ഇത് യൂറോപ്പിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കും. എന്നാൽ ആളുകൾക്ക് ഇത് അറിയാനോ, മണക്കാനോ സാധിക്കില്ല. ഈ പ്രതിഭാസം അസാധാരണമായ ഒന്നല്ല. കാനഡയിലുണ്ടായ കാട്ടുതീ വളരെ ഉയരത്തിലെത്തി അന്തരീക്ഷത്തിൽ വളരെ നേരം തങ്ങി നിൽക്കും, അതുകൊണ്ട് തന്നെ കൂടുതൽ ദൂരത്തേക്ക് സഞ്ചരിക്കാനും ഇതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post