ഇസ്ലാമാബാദ്: പാകിസ്താനിലെ മുസ്ലീം ഇതരമതസ്ഥരായ പൗരന്മാർക്ക് അനുകൂല വിധിയുമായി സിന്ധ് ഹൈക്കോടതി. ദേശീയ ഐഡന്റിറ്റി കാർഡിന് ഇനി അപേക്ഷിക്കുമ്പോൾ മുസ്ലീം ഇതരമതസ്ഥർ ഇസ്ലാം അല്ല എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ലെന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചത്. കംപ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡിന് (സിഎൻഐസി) അപേക്ഷിക്കുമ്പോൾ മുസ്ലീങ്ങളല്ലാത്തവരോട് ആദ്യം ഇസ്ലാമത്ത എന്നത് തെളിയിക്കാനും തുടർന്ന് മതവിശ്വാസം പ്രഖ്യാപിക്കാനും ആവശ്യപ്പെടുന്ന വ്യവസ്ഥയെ ചോദ്യം ചെയ്ത് ഹർ ലാൽ എന്ന ഹിന്ദുവാണ് ഹർജി സമർപ്പിച്ചത്. മുസ്ലീം ഇതരമതസ്ഥരെ മറ്റുള്ളവർ എന്നായിരുന്നു ഐഡി കാർഡിലടക്കം രേഖപ്പെടുത്തിയിരുന്നത്. ‘ഞാൻ മുസ്ലീം അല്ല,ഞാൻ ഹിന്ദു മതത്തിൽ പെട്ടയാളാണെന്ന് ഇതിനാൽ സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന് രേഖപ്പെടുത്താനായിരുന്നു വ്യവസ്ഥ.
ദേശീയ തിരിച്ചറിയൽ കാർഡിനായുള്ള മാനദണ്ഡങ്ങൾ ഇത് വരെ സ്വന്തം ഐഡന്റിറ്റിയിൽ വിട്ടുവീഴ്ച ചെയ്യിപ്പിച്ചു എന്നത് വളരെ വിരോധാഭാസമാണെന്ന് കറാച്ചിയിലെ മനുഷ്യാവകാശ പ്രവർത്തകൻ കപിൽ ദേവ് പറഞ്ഞു. കഴിഞ്ഞ 75 വർഷമായി പാക് ഹിന്ദുക്കൾ അസമത്വത്തോട് പൊരുതുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഡി കാർഡിനായി അപേക്ഷിക്കുമ്പോൾ മറ്റ് ഏതെങ്കിലും മതവുമായുള്ള ബന്ധം നിരസിക്കാതെ’ പൗരന്മാർക്ക് അവരുടെ സ്വന്തം വിശ്വാസം മാത്രം പ്രഖ്യാപിച്ചാൽ മതിയാകുമെന്നാണ് വിധി വ്യക്തമാക്കുന്നത്. പുതിയ വിധി പ്രകാരം ഐഡി കാർഡ് തയ്യാറാക്കുന്നതിന് അപേക്ഷാ ഫോം പുനർരൂപകൽപ്പന ചെയ്യാൻ കോടതി നിർദ്ദേശിച്ചു. ഹർജിക്കാരന് വേണ്ടി വാദിച്ച ബാരിസ്റ്റർ യാസർ ലത്തീഫ് ഹമദാനി, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ വിവേചനത്തെ ചോദ്യം ചെയ്തു. ”പാകിസ്താൻ എല്ലാവർക്കും എല്ലാത്തരം പൗരന്മാർക്കും വേണ്ടിയാണ്. അതാണ് വിധിയുടെ കാതലെന്ന് അഭിപ്രായപ്പെട്ടു.
Discussion about this post