മുംബൈ: അനന്തരവനും എൻസിപി നേതാവുമായ അജിത് പവാറിനെ തഴഞ്ഞ് ഭാവിയിൽ പാർട്ടിയെ നയിക്കാനുളള ചുമതല നൽകി ശരദ് പവാർ. സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയുമാണ് പാർട്ടി വർക്കിംഗ് പ്രസിഡന്റുമാരായി ശരദ് പവാർ നിയോഗിച്ചത്. എൻസിപിയുടെ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് ശരദ് പവാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വർക്കിംഗ് പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത്.
പാർട്ടിയുടെ 24 ാം വാർഷിക ആഘോഷത്തിലാണ് ശരദ് പവാർ പുതിയ വർക്കിംഗ് പ്രസിഡന്റുമാരുടെ പേരുകൾ പ്രഖ്യാപിച്ചത്. അജിത് പവാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ പേരുകൾ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് ശേഷം അസ്വസ്ഥനായി കണ്ട അജിത് പവാർ മാദ്ധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കാതെ വേദി വിടുകയും ചെയ്തു.
അജിത് പവാറിന്റെ നേതൃത്വത്തിൽ എൻസിപിയിലെ ഒരു വിഭാഗം ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങൾ അടുത്തിടെ ശക്തമായിരുന്നു. ഇതിനിടയിലാണ് ശരദ് പവാർ മരുമകനെ നേതൃനിരയിൽ നിന്നും ഒഴിവാക്കി പ്രഖ്യാപനം നടത്തിയത്.
1999 മുതൽ ശരദ് പവാറിനൊപ്പം പ്രവർത്തിക്കുകയാണെന്നും വർക്കിംഗ് പ്രസിഡന്റായി ഉയർത്തപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. പാർട്ടിയുടെ സ്വാധീനം ഉയർത്താൻ പരിശ്രമിക്കുമെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.
മകൾ കൂടിയായ സുപ്രിയ സുലെയ്ക്കും നിർണായക ചുമതലകളാണ് ശരദ് പവാർ നൽകിയിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞാലും എൻസിപിയുടെ കടിഞ്ഞാൺ ശരദ് പവാറിന്റെ കൈകളിൽ തന്നെയാകുമെന്നതാണ് ഇത് നൽകുന്ന സൂചന.
മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ ചുമതലയും വനിതാ, യുവജന, വിദ്യാർത്ഥി വിഭാഹങ്ങളുടെ ചുമതലയും സുപ്രിയ സുലെയ്ക്കാണ് നൽകിയിരിക്കുന്നത്. പാർട്ടിയുടെ ലോക്‌സഭയിലെ പ്രവർത്തനങ്ങളും മേൽനോട്ടം വഹിക്കുന്നത് സുപ്രിയയാണ്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ചെയർമാനായും സുപ്രിയയെ ശരദ് പവാർ നിയോഗിച്ചു.
Discussion about this post