മുംബൈ: മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ വായിൽ പ്ലാസ്റ്ററടിച്ച് നഴ്‌സിന്റെ ക്രൂരത. കുഞ്ഞ് കരഞ്ഞ് ബഹളം വയ്ക്കുന്നു എന്ന് പറഞ്ഞാണ് പ്ലാസ്റ്റർ ഒട്ടിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രി നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ ഭാൻതൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിലാണ് സംഭവം.
ഭാണ്ഡൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ ആൺകുഞ്ഞിന്റെ ചുണ്ടിലാണ് നഴ്‌സ് പ്ലാസ്റ്ററൊട്ടിച്ചത്. പ്രസവിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടതിനാൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. രാത്രി കുഞ്ഞിന് മുളപ്പാൽ നൽകാനെത്തിയ പ്രിയ, കുഞ്ഞിന്റെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചത് കണ്ടു. ഇതേതുടർന്ന് മുലപ്പാൽ നൽകണമെന്നും പ്ലാസ്റ്റർ നീക്കണമെന്നും നഴ്‌സിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. അടുത്തദിവസം രാവിലെ എട്ടിനുവന്ന് മുലപ്പാൽ നൽകാനായിരുന്നു നഴ്‌സിന്റെ ആക്രോശം.
രണ്ടുമണിക്കൂർ ഇടവിട്ട് മുലപ്പാൽ നൽകണമെന്ന് ഡോക്ടർ പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്‌സ് വഴങ്ങിയില്ല. രാത്രി ഒരുമണിയോടെ പ്രിയ വീണ്ടും ഇവിടെയെത്തിയെങ്കിലും കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റർ നീക്കിയിരുന്നില്ല. മറ്റുചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേരീതിയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നതായും പ്രിയ ആരോപിക്കുകയാണ്.
തുടർന്ന് കോർപ്പറേറ്റർ നൽകിയ പരാതിയിലാണ് ആശുപത്രി അധികൃതർ നഴ്‌സിനെതിരേ നടപടിയെടുത്തത്.
Discussion about this post