ന്യൂഡൽഹി: ലോകരാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടി ഉറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു ഇരു നേതാക്കളും തമ്മിൽ സംവദിച്ചത്.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ഇരു നേതാക്കന്മാരും തമ്മിൽ ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി ഇരു നേതാക്കാന്മാരും പരസ്പരം അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്കായി 12 ചീറ്റകളെ നൽകിയതിൽ ദക്ഷിണാഫ്രിക്കയോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇരു രാജ്യങ്ങൾക്കും ഒരു പോലെ പ്രാധാന്യമുള്ള പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്തു. ബ്രിക്‌സ് സഹകരണം മെച്ചപ്പെടുത്തുന്ന കാര്യവും സംസാരത്തിനിടെ വിഷയമായി.
റഷ്യ- യുക്രെയ്ൻ സംഘർഷത്തിലുള്ള നിലപാട് സിറിൽ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾക്കായി ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്ക ഉറപ്പ് നൽകി. ജി20 ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ പിന്തുണയും നൽകുമെന്നും സിറിൽ പ്രധാനമന്ത്രിയോട് പറഞ്ഞു.
Discussion about this post