കാഞ്ഞങ്ങാട് ∙ കണ്ണ് വീക്കം, ചൊറിച്ചിൽ എന്നിവയ്ക്ക് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ കണ്ണിൽ വിരയുടെ ശല്യമാണെന്ന് കണ്ടെത്തി ശസ്ത്രക്രിയ നടത്തി. 15 സെന്റിമീറ്ററോളം നീളമുള്ള വിരയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് . കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ദി പയ്യന്നൂർ ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ ചികിത്സ തേടിയെത്തിയ 60 വയസ്സുള്ള സ്ത്രീയുടെ കണ്ണിൽ നിന്നാണ് വിര നീക്കം ചെയ്തത്.
ലാബ് പരിശോധനയിൽ ‘ഡൈറോ ഫീലാറിയ’ എന്ന വിര ആണെന്നു കണ്ടെത്തി. മനുഷ്യ ശരീരത്തിൽ അബദ്ധത്തിൽ എത്തിപ്പെടുന്ന ഒരു വിര ആണിത്. ഡോക്ടർ സുദീപ് കിരൺ ആണ് ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തത്. നീക്കം ചെയ്ത വിര പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയായിരുന്നു.
സാധാരണയായി ഇതു നായ്ക്കളിൽ ആണ് ഉണ്ടാകുന്നത്. കൊതുകു വഴിയാണ് ഈ വിര ശരീരത്തിൽ എത്തുന്നത്. കണ്ണിൽ വേദനയും ചുവപ്പും ചൊറിച്ചിലും ഉണ്ടാകും. കണ്ണിന്റെ വെളുത്ത പാടയ്ക്കു അടിയിലാണ് ഇവയെ പലപ്പോഴും കാണാറുള്ളത്
Discussion about this post