അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റിനെക്കുറിച്ചുളള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ 67 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാദ്ധ്യത കൽപിക്കുന്ന ഗുജറാത്ത് മേഖലകളിലെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം മടക്കി നൽകുമെന്ന് റെയിൽവേ അറിയിച്ചു.
ജൂൺ 15 ന് ബിപോർജോയ് ഗുജറാത്ത് തീരത്ത് കര തൊടുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 125-135 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുകയെന്നാണ് മുന്നറിയിപ്പ്. ഗുജറാത്തിൽ നിന്ന് മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കുളള ട്രെയിനുകളും ഗുജറാത്തിലേക്ക് വരുന്ന ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും.
ബിപോർജോയ് രൂക്ഷമാകാൻ സാദ്ധ്യതയുളള മേഖലകളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് വെസ്‌റ്റേൺ റെയിൽവേ അറിയിച്ചു. സംസ്ഥാനത്തിന് അകത്ത് സർവ്വീസ് നടത്തുന്ന ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും.
ഗുജറാത്തിലെ കച്ച് സൗരാഷ്ട്ര തീരമേഖലകളിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് കൂടുതൽ നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പുളളത്. മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകുന്നതുൾപ്പെടെ ഈ മേഖലകളിൽ വിലക്കിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി തീരമേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് മുൻകരുതൽ നടപടിയും കാറ്റിന്റെ സഞ്ചാര ദിശയും ഉൾപ്പെടെ വിലയിരുത്തിയിരുന്നു. നിലവിൽ ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്ന് തെക്ക് പടിഞ്ഞാറ് 340 കിലോമീറ്റർ മാറിയാണ് കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്.
Discussion about this post