ലക്‌നൗ : അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഒന്നാംഘട്ട നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഈ വർഷം ഒക്ടോബറിൽ ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമ്മാണം പൂർത്തിയാകും. അതേസമയം ക്ഷേത്ര ഭക്തർക്കായി തുറന്നുകൊടുക്കുക അടുത്ത വർഷം ജനുവരിയിലായിരിക്കും.
ക്ഷേത്ര ശ്രീകോവിലിന്റെ വാതിൽ സ്വർണ്ണം കൊണ്ട് അലങ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. താഴത്തെ നിലയുടെ നിർമ്മാണപുരോഗതി കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര ഉൾപ്പെടെയുള്ളവർ അവലോകനം ചെയ്തു. ലാർസൻ ആൻഡ് ടോർബോ, ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയർമാർ, രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ എന്നിവരാണ് നിർമ്മാണ പുരോഗതി വിലയിരുത്തിയത്. മുതിർന്ന ഉദ്യോഗസ്ഥർ ദിവസേന പുരോഗതി നിരീക്ഷിച്ചു വരികയാണ്.
ക്ഷേത്രത്തിൽ ബൻസി പഹാർപൂർ രാജസ്ഥാൻ കല്ല് സ്ഥാപിക്കുന്നത് ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗർഭ ഗ്രഹം കൂടാതെ ക്ഷേത്രത്തിന് അഞ്ച് മണ്ഡപങ്ങളുണ്ട് – ഗുധ് മണ്ഡപം, രംഗ് മണ്ഡപം, നൃത്യ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിവയാണത്. അഞ്ച് മണ്ഡപങ്ങളുടെ താഴികക്കുടങ്ങൾക്ക് 34 അടി വീതിയും 32 അടി നീളവുമുണ്ട്. ക്ഷേത്ര മുറ്റത്ത് നിന്ന് 69 അടി മുതൽ 111 അടി വരെ ഉയരമുണ്ട്.
ക്ഷേത്രത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുണ്ട്. 20 അടി നീളവും വീതിയുമുള്ള ശ്രീകോവിലിന്റെ ആകെ വിസ്തീർണ്ണം 403.34 ചതുരശ്ര അടിയാണ്. തേക്കുതടി കൊണ്ട് നിർമ്മിക്കുന്ന 46 വാതിലുകളുണ്ടാകും ക്ഷേത്രത്തിൽ.
Discussion about this post