ബംഗളൂരു : സ്ത്രീകൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ബസ് ഓടിച്ച് ലൈസൻസില്ലാത്ത വനിതാ എംഎൽഎ. കർണാടകയിൽ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് സർവ്വീസ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് കോലാർ ഗോൾഡ് ഫീൽഡിൽ നിന്നുള്ള എംഎൽഎ രൂപകല എം.ശശിധർ ബസ് ഓടിച്ചത്. ഒരു കൂട്ടം സ്ത്രീകളെ കയറ്റിയ ബസ് എംഎൽഎ ഓടിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെ ബസ് ഓടിക്കാൻ പഠിപ്പിച്ചുകൊണ്ട് യഥാർത്ഥ ഡ്രൈവറും നിൽപ്പുണ്ട്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
സ്റ്റിയറിംഗ് പിടിക്കാനും ഗിയർ മാറ്റാനുമെല്ലാം എംഎൽഎയെ സഹായിക്കുന്നത് ഡ്രൈവറാണ്. ആയിരത്തോളം ആളുകൾ ചുറ്റും കൂടിനിൽക്കുന്നതിനിടയിലൂടെയാണ് എംഎൽഎയുടെ അഭ്യാസപ്രകടനം നടന്നത്. തനിക്ക് ഡ്രൈവിംഗ് അറിയാമെന്ന് കോൺഗ്രസ് നേതാവ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇവർക്ക് ഇല്ല. ഇത് നിയമലംഘനമാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. നിരവധി പേരുടെ ജീവിതം അപകടത്തിലാക്കിക്കൊണ്ടാണ് എംഎൽഎ ബസ് ഓടിച്ചത് എന്ന പരാതികളും ഉയരുന്നുണ്ട്.
അതിനിടെ എംഎൽഎ ഓടിച്ച ബസ് ചില വാഹനങ്ങളിൽ ചെന്ന് ഇടിച്ചെന്നും റിപ്പോർട്ടുണ്ട്. വാഹനം റിവേഴ്‌സ് എടുത്തതോടെയാണ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് എംഎൽഎ പറഞ്ഞു.
Discussion about this post