പറ്റ്‌ന: ഗംഗാനദിയിൽ സ്‌നാനം ചെയ്യുന്നതിനിടെ മുതല കടിച്ചു കൊന്ന 14 കാരന്റെ ബന്ധുക്കൾ മുതലയെയും വകവരുത്തി. ബിഹാറിലെ വൈശാലി ജില്ലയിൽ നിന്നുളള പതിന്നാലുകാരനായ അങ്കിത് കുമാറാണ് വീട്ടുകാരുമൊന്നിച്ച് ഗംഗാനദിയിൽ സ്‌നാനം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി മുതലയുടെ പിടിയിൽപെട്ടത്.
പുതിയ ബൈക്ക് വാങ്ങിയതിന്റെ ആഘോഷത്തിനും പൂജയ്ക്കുമായി ഗംഗാനദിയിൽ സ്‌നാനം ചെയ്യാനെത്തിയതായിരുന്നു അങ്കിത്തും കുടുംബവും. സ്‌നാനം കഴിഞ്ഞ് ബൈക്ക് പൂജിക്കാൻ ഗംഗാജലം ശേഖരിക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ സ്‌നാനത്തിനിടെ വെളളത്തിൽ നിന്ന് പൊങ്ങി വന്ന മുതല അങ്കിത്തിനെയും കൊണ്ട് നദിയുടെ അടിത്തട്ടിലേക്ക് പോകുകയായിരുന്നു. തുടർന്ന് അങ്കിത്തിനെ മുതല കടിച്ചു തിന്നുകയും ചെയ്തു.
ഒരു മണിക്കൂറിന് ശേഷമാണ് നദിയിൽ നിന്ന് അങ്കിത്തിന്റെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചത്. അതിനോടകം അങ്കിത്തിന്റെ നാട്ടുകാരും ബന്ധുക്കളും അടക്കം നദിയുടെ കരയിൽ വലിയ ആൾക്കൂട്ടം എത്തിയിരുന്നു.
അങ്കിത്തിന്റെ മൃതശരീരം കണ്ടതോടെ നാട്ടുകാരുടെയും ബന്ധുക്കളുടെയും രോഷം അണപൊട്ടി. മുതലയെ വലയിട്ട് പിടിച്ച് അവർ കരയിലെത്തിച്ചു. പിന്നെ കമ്പും ഇരുമ്പു വടികളുമായി ചാവുന്നതു വരെ തല്ലുകയായിരുന്നു.
Discussion about this post