കൊച്ചി; കേന്ദ്രസർക്കാരിന്റെ 9-ാം വാർഷികത്തിൻറെ ഭാഗമായി ലീഗൽ സെൽ സംസ്ഥാന പ്രചാരണം ജൂൺ 30 വരെ നടത്തും. മോദി സർക്കാർ നിയമ രംഗത്ത് കൊണ്ടു വന്നിട്ടുള്ള മാറ്റങ്ങളും പുതിയ നിയമങ്ങളും സംബന്ധിച്ചായിരിക്കും ലീഗൽ സെൽ സംസ്ഥാന പ്രചാരണം. ബിജെപി സംസ്ഥാന നേതാക്കളും സീനിയർ അഭിഭാഷകരും ലീഗൽ സെൽ സംഘടിപ്പിക്കുന്ന ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നും ലീഗൽ സെൽ സംസ്ഥാന കൺവീനൽ അഡ്വക്കേറ്റ് പി കൃഷ്ണദാസ് അറിയിച്ചു.
സംസ്ഥാന ബിജെപി ലീഗൽ സെൽ എല്ലാ ജില്ലകളിലും ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കും. ആർട്ടിക്കിൾ 370 നീക്കം ചെയ്തതും ജിഎസ്ടി നടപ്പാക്കിയതും മുത്തലാഖ് നിരോധനവും ഉൾപ്പെടെയുള്ള നിയമങ്ങൾ ചർച്ച ചെയ്യപ്പെടും. കാർഷിക നിയമങ്ങൾ, സ്ത്രീ സുരക്ഷാ നിയമങ്ങൾ, സാമ്പത്തിക സംവരണം, ഉപഭോക്തൃ നിയമം, സുപ്രധാന ഭരണഘടനാ ഭേദഗതികൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളും സെമിനാറിൻറെ ഭാഗമായി നടക്കും.
ജൂൺ 30ന് മുൻപായി എല്ലാ ജില്ലകളിലും മണ്ഡലതലത്തിലും ചർച്ചകളും സെമിനാറുകളും പൂർത്തിയാക്കുമെന്നും ലീഗൽ സെൽ സംസ്ഥാന സമിതി അറിയിച്ചു . പരിപാടികൾക്ക് നേതൃത്വം നൽകുന്നത് അഭിഭാഷകരായിരിക്കും. മോദി സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ചും നിയമരംഗത്തെ മാറ്റങ്ങളെക്കുറിച്ചും സാധാരണക്കാരിലേക്ക് എത്തിക്കുവാനുള്ള ലഘുലേഖകളും പ്രചാരണത്തിൻറെ ഭാഗമായി വിതരണം ചെയ്യുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
Discussion about this post