ശ്രീനഗർ: അമർനാഥിലേക്ക് എത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഇരട്ടിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷയ്ക്കായി സിആർപിഎഫിന്റെ പ്രത്യേക ഡോഗ് സ്‌ക്വാഡിനെ വിന്യസിച്ചു. ഉദംപൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് പ്രത്യേക സംഘം സുരക്ഷയൊരുക്കുന്നത്.
അമർനാഥ് യാത്രയ്ക്കിടെ ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷ വർദ്ധിപ്പിച്ചത്. സിആർപിഎഫിന്റെ 137ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് വിന്യസിച്ചിരിക്കുന്നത്. ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഭക്തർക്ക് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്ന് സിആർപിഎഫ് ബറ്റാലിയൻ കമാൻഡർ രമേഷ് കുമാർ അറിയിച്ചു.
അമർനാഥ് യാത്രയ്‌ക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് വിന്യസിച്ചിരിക്കുന്നത്. യാത്രികർക്ക് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ല. അധികൃതരുടെ നിർദ്ദേശപ്രകാരം നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 1 മുതലാണ് 62ാമത് അമർനാഥ് യാത്ര ആരംഭിക്കുന്നത്. പരമ്പരാഗത പാതയായ നുൻവാൻ, ബാൽട്ടാൽ എന്നിവിടങ്ങളിലൂടെയാണ് തീർത്ഥാടകർ യാത്ര നടത്തുക. തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ ഇന്നലെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Discussion about this post