ന്യൂയോർക്ക്: ഞെട്ടിപ്പിക്കുന്ന കുറ്റസമ്മതവുമായി യുഎസ് സൈനിക ഉദ്യോഗസ്ഥൻ. ഐഎസ് ഭീകരസംഘടനയ്ക്ക് സഹായം നൽകിയെന്നും രഹസ്യവിവരങ്ങൾ കൈമാറിയെന്നുമാണ് കോൾ ഗോൺസാലെസ് എന്നറിയപ്പെടുന്ന കോൾ ബ്രിഡ്ജസ് എന്ന സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. 40 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് കോൾ ബ്രിഡ്ജസ് ചെയ്തത്.
2019 സെപ്തംബറിലാണ് അദ്ദേഹം യുഎസ് ആർമിയിൽ ചേർന്നത്. അധികം താമസിയാതെ തന്നെ ഇയാൾ ജിഹാദികളെയും അവരുടെ അക്രമാസക്തമായ ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ പ്രചരണങ്ങൾ കണ്ടെത്തുകയും അതിൽ ഗവേഷണം നടത്തുകയും ചെയ്തു.
തുടർന്ന് ഒരു ഐഎസ് അനുഭാവിയെ പോലെ പ്രവർത്തിക്കാൻ തുടങ്ങിയ കോൾ ബ്രിഡ്ജസ്, ഐഎസ് ഭീകരർക്ക് പരിശീലനവും മാർഗനിർദ്ദേശവും നൽകാൻ തുടങ്ങി. 2020 ഡിസംബറോടെ, മിഡിൽ ഈസ്റ്റിലെ യുഎസ് സർവീസ് അംഗങ്ങളെ എങ്ങനെ ആക്രമിക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ മിസ്റ്റർ ബ്രിഡ്ജസ് ഐഎസ് ഭീകരർക്ക് നൽകാൻ തുടങ്ങി, കൂടാതെ യുഎസ് സൈനികരുടെ മരണം ഉറപ്പാക്കാനായി, പ്രത്യേക സൈനിക നീക്കങ്ങളുടെ ഒരു ഡയഗ്രം പോലും പങ്കിട്ടു.
യുഎസ് ആർമിയുടെ യൂണിഫോം ധരിച്ച് ഐഎസ് പതാകയുടെ മുമ്പിൽ നിൽക്കുന്ന വീഡിയോ ഇയാൾ എടുക്കുകയും ഇത് ഐഎസ് ഭീകരർക്ക് അയച്ച് കൊടുത്ത് പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഐഎസിന് വേണ്ടി തന്റെ സഹപ്രവർത്തകരായ സൈനികരെ കൊലപ്പെടുത്താനും കോൾ ബ്രിഡ്ജസ് ശ്രമിച്ചിരുന്നു.
കോൾ ബ്രിഡ്ജസിന്റെ രാജ്യദ്രോഹപരമായ പെരുമാറ്റം അയാളുടെ സുഹൃത്തുക്കളോടും രാജ്യത്തോടുമുള്ള വഞ്ചനയായിരുന്നുവെന്ന് ‘ ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോർണി ഡാമിയൻ വില്യംസ് പറഞ്ഞു.നവംബർ രണ്ടിന് ശിക്ഷ വിധിക്കും.
Discussion about this post