തിരുവനന്തപുരം : കർണാടകയിലെ പാലായ നന്ദിനി കേരളത്തിൽ വിൽക്കുന്നതിനെതിരെ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി രംഗത്ത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാൽ മിൽമയുടേതാണ്. അയൽസംസ്ഥാനത്തെ പാലിന് വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ല. അത് നല്ല പാലല്ലെന്നും ചിഞ്ചുറാണി പറഞ്ഞു. നന്ദിനി പാൽ കേരളത്തിൽ വിൽക്കുന്നതിനെതിരെ ദേശീയ ഡയറി ഡെവലപ്പ്മെന്റ് ബോർഡിന് പരാതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
” നന്ദിനി പാലുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. നന്ദിന് നല്ല പാൽ അല്ല. കുഞ്ഞുങ്ങളും സാധാരണക്കാരും അന്യസംസ്ഥാന പാൽ ഉപയോഗിക്കാൻ പാടില്ല” മന്ത്രി പറഞ്ഞു.
നന്ദിന് പാൽ സംസ്ഥാനത്ത് വിൽക്കുന്നതിനെതിരെ മിൽമയും രംഗത്തെത്തിയിരുന്നു. ക്ഷീരകർഷകർക്ക് ദോഷമാകുന്നതിൽ നിന്ന് നന്ദിനി പിൻമാറണമെന്നാണ് മിൽമ ആവശ്യപ്പെട്ടത്. മിൽമയേക്കാൾ ഏഴുരൂപയോളം കുറവാണ് നന്ദിനി പാലിനും പാൽ ഉത്പന്നങ്ങൾക്കും. ഈ എതിർപ്പുകൾ വകവെയ്ക്കാതെയാണ് നന്ദിനി പാലിന്റെ ഔട്ട്‌ലെറ്റുകൾ സംസ്ഥാനത്ത് ആരംഭിച്ചത്.












