കച്ച്: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികൾ നാശനഷ്ടങ്ങൾ കുറയ്ക്കാൻ സഹായിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാറ്റ് മൂലമുണ്ടായ പ്രശ്‌നങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
140 കിലോമീറ്ററിലധികം വേഗതയിൽ തീരത്തേക്ക് എത്തിയ കാറ്റ് ഉയർത്തിയ ഭീഷണിയെ മറികടക്കാനായി എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടെ പങ്കെടുപ്പിച്ച് നടത്തിയ അവലോകന യോഗത്തിന് ശേഷം കച്ചിൽ വാർത്താസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
ആളുകളുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഗുജറാത്ത് സർക്കാർ കൈക്കൊണ്ട നടപടികൾ ടീം വർക്കിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നബാധിത മേഖലകളിൽ ഉണ്ടായിരുന്നവരെ സമയബന്ധിതമായി ഒഴിപ്പിച്ച നടപടിയെയും അമിത് ഷാ അഭിനന്ദിച്ചു.
കാറ്റ് വരുത്തിയ നാശത്തിൽ 47 പേർക്ക് മാത്രമാണ് പരിക്കേറ്റതെന്നും 234 മൃഗങ്ങൾ ചത്തതായും അമിത് ഷാ ചൂണ്ടിക്കാട്ടി. നാശനഷ്ടം ഇത്രയും കുറയ്ക്കാൻ കഴിഞ്ഞത് അവസരോചിതമായ ഇടപെടലിന്റെ ഫലമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കാറ്റിന്റെ ഫലമായി 3400 വില്ലേജുകൾ ഇരുട്ടിലായിരുന്നു. എന്നാൽ ഇതിൽ 1600 വില്ലേജുകളിൽ വൈദ്യുതി പുനസ്ഥാപിച്ചുകഴിഞ്ഞു. ബാക്കിയുളളവയിൽ ചൊവ്വാഴ്ചയോടെ വൈദ്യുതി പൂർണമായി പുനസ്ഥാപിക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. 1,08,208 പൗരൻമാരെയും 73,000 വളർത്തുമൃഗങ്ങളെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ മാണ്ഡ്‌വിയിലെ കത്ര വില്ലേജിൽ കാറ്റിൽ നാശനഷ്ടം നേരിട്ട കർഷകരുമായും അമിത് ഷാ നേരിട്ട് സംസാരിച്ചിരുന്നു. ദുരന്തബാധിത മേഖലകളിൽ അദ്ദേഹം വ്യോമനിരീക്ഷണവും നടത്തിയിരുന്നു.
Discussion about this post