മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ഇന്നലെ രാത്രിയാണ് ഹവാനയിൽ നിന്നും മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഭാര്യ കമലാ വിജയൻ, ചീഫ് സെക്രട്ടറി വി പി ജോയി എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇന്ന് ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ദുബായ് താജ് ഹോട്ടലിലാണ് ചടങ്ങുകൾ. അമേരിക്ക, ക്യൂബ സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തിയത്. നാളെ മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.
പ്രവാസിസംരംഭകർക്ക് ഒത്തുചേരാനും കേരളത്തിൽ പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ. സംരംഭകർ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുകയെന്നതും സെന്ററിന്റെ ലക്ഷ്യമാണ്. കേരളത്തിലേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കാനും ഐ.ടി. പദ്ധതികളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കാനും സെന്റർ ലക്ഷ്യമിടുന്നുണ്ട്. ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ,ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുറക്കുന്നത്. വിദേശ രാജ്യത്ത് നിന്ന് തന്നെ കേരളത്തിൽ കമ്പനി റജിസ്റ്റർ ചെയ്യുന്നതിനുള്ള എല്ലാ സഹായവും ഇൻഫിനിറ്റി കേന്ദ്രങ്ങളിലൂടെ ലഭിക്കും.
Discussion about this post