ന്യൂഡൽഹി: ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗാ ദിന പരിപാടിയിൽ 180ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. യോഗാ ദിനത്തോടനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് യുഎൻ ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. നയതന്ത്രജ്ഞർ, കലാകാരന്മാർ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, സംരംഭകർ തുടങ്ങീ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിന്റെ ഭാഗമാകും.
20ാം തിയതിയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ആരംഭിക്കുന്നത്. 21ാം തിയതി ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും. യോഗാ ദിനം ആഘോഷിച്ച ശേഷം പ്രധാനമന്ത്രി വാഷിംഗ്ടണിലേക്ക് തിരിക്കും. 22ാം തിയതി വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരം അന്ന് നടക്കുന്ന അത്താഴ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.
ഇതിന് പുറമെ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മക്കാർത്തി, സെനറ്റ് സ്പീക്കർ ചാൾസ് ഷുമർ എന്നിവരുൾപ്പെടെയുള്ള യുഎസ് കോൺഗ്രസ് നേതാക്കളുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്. 23ാം തിയതി
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബിങ്കൻ എന്നിവരുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. അതിന് ശേഷം അമേരിക്കയിലെ വ്യവസായ പ്രമുഖർ, വിവിധ കമ്പനികളുടെ സിഇഒമാർ എന്നിവരുമായും അദ്ദേഹം ആശയവിനിമയം നടത്തും.
Discussion about this post