യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ അമ്മ ഉണ്ടാക്കിയ ബർഫി ആസ്വദിച്ച് കഴിക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അമ്മ ഉണ്ടാക്കിയ ഈ ഇന്ത്യൻ മധുരപലഹാരം സെലൻസ്‌കി വിളമ്പി നൽകുന്ന ഋഷി സുനകിനെയാണ് വീഡിയോയിൽ കാണാനാകുന്നത്.
ഈ സംഭവം ഓർത്തുകൊണ്ട് ഋഷി സുനക് പറയുന്ന വാക്കുകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ” എന്റെ അമ്മ കുറച്ച് ഇന്ത്യൻ പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നു. ബർഫിയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് ഞാൻ സെലൻസ്‌കിയെ കാണുന്നത്. ഞങ്ങൾ തമ്മിൽ ധാരാളം സംസാരിച്ചു. അദ്ദേഹത്തിന് വിശന്നപ്പോൾ എന്റെ അമ്മ ഉണ്ടാക്കിയ ബർഫിയിൽ നിന്ന് കുറച്ച് ഞാൻ സെലൻസ്‌കിക്കും നൽകി. അദ്ദേഹത്തിന് അത് വളരെ ഇഷ്ടമായെന്നും” ഋഷി സുനക് പറയുന്നു.
കഴിഞ്ഞ മാസമാണ് സെലൻസ്‌കി ബ്രിട്ടൻ സന്ദർശിച്ചത്. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ ബ്രിട്ടന്റെ പിന്തുണ ഉറപ്പിച്ചുകൊണ്ടുള്ള സന്ദർശനമായിരുന്നു അത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ ആക്രമിച്ചതിന് ശേഷമുള്ള സെലൻസ്‌കിയുടെ രണ്ടാമത്തെ യുകെ സന്ദർശനം കൂടിയായിരുന്നു അത്.
Discussion about this post