കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങളിൽ തൃണമൂൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ ദിലീപ് ഘോഷ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ഒപ്പം അക്രമവും ഉണ്ടാകുന്നത് സംസ്ഥാനത്ത് പതിവായിരിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ മമത സർക്കാർ തയ്യാറാകുന്നില്ലെന്നും ദിലീപ് ഘോഷ് വിമർശിച്ചു.
എപ്പോഴെല്ലാം ബംഗാളിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുന്നുവോ, അപ്പോഴെല്ലാം ഇവിടെ അക്രമവും ഉണ്ടാകാറുണ്ട്. എന്നാൽ ഈ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് സർക്കാരിന് ആഗ്രഹമില്ല. അക്രമങ്ങൾക്കെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതേസമയം സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുന: സ്ഥാപിക്കുന്നതിനായുള്ള ഗവർണറുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.
ബംഗാളിൽ കേന്ദ്ര സേന വിന്യസിക്കണം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ആക്രമണങ്ങൾക്കിരയായവരെയെല്ലാം ഗവർണർ കാണുകയും സമാധാനിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് അക്രമങ്ങൾ ചെറുക്കാൻ വേണ്ടി നിരവധി ശ്രമങ്ങളാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നാൽ ബംഗാളിലെ അക്രമങ്ങളെ ചെറുക്കണമെന്ന് സംസ്ഥാന സർക്കാരിന് ആഗ്രഹം ഇല്ലെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
തങ്ങളെ ആര് നയിക്കണം എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. വോട്ട് ചെയ്യാൻ ജനങ്ങൾക്ക് ബൂത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ തിരഞ്ഞെടുപ്പ് എന്തിനാണ്?. സുതാര്യമായ തിരഞ്ഞെടുപ്പ് ബംഗാളിൽ ഉണ്ടാകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
Discussion about this post